ഒഡീഷ: നാല് പോസ്‌കോ വിരുദ്ധ സമരസമിതി പ്രവര്‍ത്തകര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. പോസ്‌കോ വിരുദ്ധ സമരസമിതി നേതാവും സി.പി.ഐ നാഷണല്‍ കൗണ്‍സില്‍ അംഗവുമായ അഭയ് സാഹു സ്‌ഫോടനത്തില്‍ നിന്നും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പോസ്‌കോ പദ്ധതി അനുകൂലികള്‍ സമരസമിതി പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബാക്രമണം നടത്തുകയായിരുന്നുവെന്ന് അഭയ് സാഹു പറഞ്ഞു.

Ads By Google

മനാസ് ജീന(32), നബാനു മന്ദല്‍(35), നര്‍ഹാരി സാഹു(52), ലക്ഷ്മണ്‍ പ്രമാണിക് എന്നിവരാണ് കൊല്ലപ്പെട്ടത്.

പോസ്‌കോ പ്രതിരോധ് സംഗ്രം സമിതി (പി.പി.എസ്.എസ്) പ്രവര്‍ത്തകര്‍ സമരത്തിന്റെ ഭാവി പരിപാടികള്‍ ആലോചിക്കുന്നതിനിടെയാണ് യോഗസ്ഥലത്തേക്ക് ബോംബാക്രമണം നടന്നത്. സംഭവസ്ഥലത്തു വെച്ച് തന്നെ രണ്ട് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് വഴിയുമാണ് മരണപ്പെട്ടത്.

”ഞങ്ങളുടെ നാല് പ്രവര്‍ത്തകര്‍ പോസ്‌കോ പദ്ധതി അനുകൂലികളുടെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. പോലീസ് പറയുന്നത് പോലെ ബോംബ് നിര്‍മ്മാണത്തിനിടെയല്ല കൊല്ലപ്പെട്ടത്. ഞങ്ങളുടെ പ്രവര്‍ത്തകര്‍ പാട്‌ന-ബലൂട്ടിത റോഡ് പ്രവര്‍ത്തനം തടഞ്ഞതു കൊണ്ടാണ് അക്രമണത്തിനിരയായതെന്നും” സമരസമിതി നേതാവ് അഭയ് സാഹു വ്യക്തമാക്കി.

പി.പി.എസ്.എസ പ്രവര്‍ത്തകര്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന് ജഗഡ്‌സിങ്പൂര്‍ എസ്.പി സത്യബ്രത ഭോയി പറഞ്ഞു.

എന്നാല്‍ പോസ്‌കോ അനുകൂലികള്‍ അഭയ് സാഹുവിനെ ലക്ഷ്യം വെച്ച് നടത്തിയ അക്രമണമായിരുന്നു ഇന്ന് നടന്നതെന്ന് സി.പി.ഐ നേതാവ് കൃഷ്ണ പാണ്ഡ പറഞ്ഞു. ബോംബ് സ്‌ഫോടനം നടന്നതും പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതുമായ വിവരം പോലീസിനെ അറിയിച്ചിട്ടും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് ആവശ്യപ്പെട്ടിട്ടും എത്തിച്ചില്ലെന്നും പാണ്ഡെ വ്യക്തമാക്കി.