സാഗ്രെബ് : സാഗ്രെബ് വേള്‍ഡ് ചലഞ്ചേഴ്‌സ് മീറ്റിലെ നൂറു മീറ്റര്‍ ഓട്ടമത്സരത്തില്‍ ജമൈക്കന്‍ സൂപ്പര്‍താരം ഉസൈന്‍ ബോള്‍ട്ട് സീസണിലെ തന്റെ മികച്ച സമയം കുറിച്ച് സ്വര്‍ണം സ്വന്തമാക്കി.

9.85 സെക്കന്‍ഡിലാണു ബോള്‍ട്ട് ഓടിയെത്തിയത്. ബോള്‍ട്ടിന്റെ സുവര്‍ണ കുതിപ്പില്‍ അമേരിക്കയുടെ ടൈസണ്‍ ഗെയുടെ പേരിലുണ്ടായിരുന്ന മീറ്റ് റെക്കോര്‍ഡും പഴങ്കഥയായി. ടൈസണ്‍ ഗെയുടെ 9.92 സെക്കന്റിന്റെ റെക്കോഡാണു ബോള്‍ട്ട് തിരുത്തിയത്.

2003ലെ ലോകചാംപ്യനും കഴിഞ്ഞമാസം നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കലവും നേടിയ മുപ്പത്തഞ്ച്കാരനായ കിം കൊളിന്‍സിനാണു(10.01) വെള്ളി. ട്രിനിഡാഡ് ആന്റ് ടുബാഗോയുടെ റിച്ചാര്‍ഡ് തോംസണാണ്(10.03) വെങ്കലം. വേള്‍ഡ് അത് ലറ്റിക് മീറ്റിന്റെ 100 മീറ്റര്‍ മത്സരത്തില്‍ നിന്നും അയോഗ്യനാക്കപ്പെട്ട ശേഷം ബോള്‍ട്ടിന്റെ ആദ്യ മത്സരമായിരുന്നു ഇത്.