അണ്ണ ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച സെലിബ്രിറ്റികളുടെ ഗണത്തില്‍ ബോളിവുഡ് താരങ്ങളുടെ എണ്ണം കൂടുന്നു. ഹൃത്വിക്ക് റോഷനും, പ്രിയങ്ക ചോപ്രയും ഹസാരെയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്. നേരത്തെ അമീര്‍ ഖാന്‍, സുനില്‍ ഷെട്ടി, തുടങ്ങിവര്‍ തങ്ങളുടെ പിന്തുണ അറിയിച്ചിരുന്നു.

‘ഞാന്‍ അണ്ണാ ഹസാരെയ്ക്ക് പരിപൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു. ഇത് എല്ലാം മാറ്റാനുള്ള സമയമാണ്.’ ട്വിറ്ററിലൂടെ ഹൃത്വിക്ക് അറിയിച്ചു.

പ്രിയങ്കയും പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത് ഇന്റര്‍നെറ്റിലൂടെയാണ്. ‘അണ്ണ ഹസാരെയെക്കുറിച്ച് ഒന്ന് വായിച്ചുനോക്കൂ. രാജ്യത്തിന്റെ നാനാതുറകളില്‍ നിന്നും അദ്ദേഹത്തിന് ലഭിക്കുന്ന പിന്തുണ വളരെ വലുതാണ്. രാജ്യത്തെ യുവാക്കള്‍ ഹസാരെയ്ക്ക് പിന്തുണ നല്‍കിയതാണ് വളരെയധികം എടുത്തുപറയേണ്ടത്. എന്റെ പൂര്‍ണ പിന്തുണയും ഞാന്‍ പ്രഖ്യാപിക്കുന്നു.’ പ്രിയങ്ക പറയുന്നു.

സിനിമാ നിര്‍മാതാവ് ഫര്‍ഹാന്‍ അക്തറും, നടി സൊണാക്ഷി സിന്‍ഹയും തങ്ങളുടെ പിന്തുണ അറിയിച്ചിട്ടുണ്ട്.

‘അണ്ണാ ഹസാരെയെ ഞാന്‍ പിന്തുണയ്ക്കുന്നു. വര്‍ഷങ്ങളായി അഴിമതി രാജ്യത്തെ ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനൊരു മാറ്റം ഉണ്ടായേ തീരൂ.’ ഫര്‍ഹാന്‍ അറിയിച്ചു.

‘മാറ്റങ്ങളുണ്ടാക്കുന്നത് എപ്പോഴും ഏതെങ്കിലും ഒരാളുടെ ശ്രമമായിരിക്കും. മഹാത്മാ ഗാന്ധി, ദലൈ ലാമ, അബ്രഹാം ലിങ്കണ്‍, മദര്‍ തെരെസെ, അണ്ണ ഹസാരെ നിങ്ങള്‍ക്കൊപ്പം ഞാനുമുണ്ട്.’ സൊണാക്ഷി എഴുതി.

സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍കറും ഹസാരെയ്ക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്.