ഒരിടവേളയ്ക്കുശേഷം പ്രിയദര്‍ശന്റെ തേസിലൂടെ ബോളിവുഡില്‍ വീണ്ടുമെത്തിയിരിക്കുകയാണ് സമീറ റെഡ്ഡി. തനിക്ക് ബോളിവുഡിനെക്കാള്‍ പ്രിയം തെന്നിന്ത്യന്‍ സിനിമകളാണെന്നാണ് സമീറ പറയുന്നത്. ബോളിവുഡ് സിനിമാ വ്യവസായം നിറയെ രാഷ്ട്രീയ കളികളാണ്. ഈ രാഷ്ട്രീയം കളിക്കാനറിയാത്തവര്‍ എന്തായാലും ഈ മേഖലയില്‍ നിന്നും പുറത്താവുമെന്നും സമീറ പറഞ്ഞു.

ബോളിവുഡ് തന്നെ പുറത്താക്കിയതല്ല. താന്‍ മനപൂര്‍വ്വം ബോളിവുഡിനെ ഒഴിവാക്കുകയാണുണ്ടായത്.  തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ ലഭിക്കുന്ന സ്വീകാര്യതയില്‍ അതിയായ സന്തോഷമുണ്ടെന്നും നടി വ്യക്തമാക്കി.

‘സ്വന്തം നാട്ടില്‍ വന്‍സ്വീകാര്യതയുണ്ടെങ്കില്‍ പിന്നെന്തിനാണ് നമ്മള്‍ മറ്റെവിടെയെങ്കിലും പോകുന്നത്?’ സമീറ ചോദിക്കുന്നു.

തേസില്‍ വളരെ സാഹസികമായാണ് താന്‍ അഭിനയിച്ചത്. ചിത്രത്തിലെ ബൈക്ക് സീനുള്‍പ്പെടെ നിരവധി രംഗങ്ങള്‍ ഡ്യൂപ്പില്ലാതെയാണ് അഭിനയിച്ചത്. കഥാപാത്രത്തിന്റെ പൂര്‍ണ്ണതക്കുവേണ്ടിയായിരുന്നു ഈ സാഹസമെന്നും സമീറ പറയുന്നു.

‘ സ്‌ക്രീനില്‍ ഇതുവരെ ഒരു സ്ത്രീയും ചെയ്യാത്തത്രയും ബുദ്ധിമുട്ടേറിയ സീനുകളാണ് ഞാന്‍ ചെയ്തത്. ഏറെ പ്രധാനപ്പെട്ടതാണ് ബൈക്ക് സീന്‍. അത് ചിത്രീകരിക്കുന്നതിന് മുമ്പ് എനിക്ക് നല്ല പരിശീലനം നല്‍കിയിരുന്നു. കാരണം ഒരു ഡബിള്‍ ബോഡിയെ വച്ച് പ്രേക്ഷകരെ പറ്റിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നില്ല’ സമീറ വ്യക്തമാക്കി.

അജയ് ദേവ്ഗണ്‍, അനില്‍ കപൂര്‍, മോഹന്‍ലാല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തേസില്‍ പ്രതിനായിക വേഷത്തിലാണ് സമീറ. 2010ല്‍ പുറത്തിറങ്ങിയ ‘ മഹായോദ്ധരാമ’ എന്ന ചിത്രത്തിനുശേഷം ഇറങ്ങുന്ന സമീറയുടെ ബോളിവുഡ് ചിത്രമാണ് തേസ്.

ഗൗതം വാസുദേവ മേനോന്റെ സംവിധാനത്തില്‍ സൂര്യയെ നായകനാക്കി ഇറങ്ങിയ വാരണം ആയിരത്തിലൂടെ തമിഴ്തിരയിലും മോഹന്‍ലാലിന്റെ ഒരുനാള്‍വരും എന്ന ചിത്രത്തിലൂടെ മലയാള തിരയിലും അരങ്ങേറ്റം കുറിച്ച സമീറയുടെ പുറത്തിറങ്ങാനുള്ള പ്രമുഖ ചിത്രം ഇളയദളപതി വിജയ് യെ നായകനാക്കി ഗൗതം വാസുദേവ മേനോന്‍ അണിയിച്ചൊരുക്കുന്ന യോഹാന്‍ അദ്ധ്യായം ഒന്‍ട്രുവാണ്.

Malayalam News

Kerala News in English