മുംബൈ: ഹിന്ദി ചിത്രം ‘ടെല്‍മി ഓ ഖുദാ’ ബോളിവുഡ് ഇതിഹാസതാരം ധര്‍മേന്ദ്രയുടെ കുടുംബചിത്രമാണ്. കുടുംബകഥയായതുകൊണ്ടല്ല. മറിച്ച് ചിത്രത്തില്‍ പ്രധാന കഥാപാത്രം ചെയ്യുന്ന ധര്‍മേന്ദ്രയുടെ ഭാര്യ ഹേമമാലിനിയാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. ഈ ദമ്പതികളുടെ മകളായ ഇഷാ ഡിയോളാണ് ടെല്‍ മി ഓ ഖുദായിലെ നായിക. അതുകൊണ്ടുതന്നെ ഇത് ധര്‍മേന്ദ്രയുടെ കുടുംബചിത്രമാണ്.

Subscribe Us:

മക്കളായ സണ്ണി ഡിയോളിന്റെയും ബോബി ഡിയോളിന്റെയും കൂടെ അഭിനയിച്ചിട്ടുള്ള ധര്‍മ്മേന്ദ്ര ആദ്യമായാണ് മകള്‍ ഇഷ ഡിയോളിനൊപ്പം അഭിനയിക്കുന്നത്. മകളോടൊപ്പം അഭിനയിക്കുന്നത് മികച്ച അനുഭവമാണെന്ന് ധര്‍മ്മേന്ദ്ര പറഞ്ഞു.

‘ടെല്‍ മീ ഒ ഖുദാ’ താന്യ എന്ന നോവലിസ്റ്റിന്റെ കഥയാണ് പറയുന്നത്. ഒരു കാമുകി കൂടിയായ താന്യ നല്ലൊരു കുടുംബജീവിതം നയിക്കുകയാണ്. എന്നാല്‍ താനൊരു ദത്തുപുത്രിയാണെന്നറിയുന്നതോടുകൂടി അവളുടെ ജീവിതം മാറി മറിയുന്നു. തന്റെ യഥാര്‍ത്ഥ അച്ഛനമ്മമാരെ കണ്ടെത്തുക എന്ന ഉദ്ദേശത്തോടെ അവള്‍ വീട് വിടുന്നു. ബാല്യകാല സുഹൃത്തും കാമുകനും അവള്‍ക്കൊപ്പമുണ്ട്. ഏറെ വൈകാരികവും, സാഹസികവും, രസകരവുമായ ഒരു യാത്രയാണത്.

ഗോവയിലെ ഡോണായ ആന്റണി എന്ന കഥാപാത്രത്തെയാണ് ധര്‍മേന്ദ്ര അവതരിപ്പിക്കുന്നത്. അധോലോകത്തെ കിരീടം വയ്ക്കാത്ത രാജാവാണ് ആന്റണി. യുവാവായിരുന്ന കാലത്ത് ഒരു പെണ്‍കുട്ടിയെ ആന്റണി പ്രണയിക്കുകയും പിന്നീട് അവളാല്‍ ചതിക്കപ്പെടുകയും ചെയ്തിരുന്നു. താന്യയുടെ യാത്രയ്ക്കിടെ അവള്‍ ആന്റണിയെ കണ്ടുമുട്ടുന്നു. അച്ഛനെ കണ്ടെത്താന്‍ ആന്റണി താന്യയെ സഹായിക്കുന്നു.

അഭിനയം തുടങ്ങുമ്പോള്‍ താനും മകളും കഥാപാത്രമായി മാറുമെന്നും അച്ഛനും മകളും തമ്മിലുള്ള ബന്ധം അഭിനയം തുടങ്ങുമ്പോള്‍ ഉണ്ടാവില്ലെന്നും ധര്‍മ്മേന്ദ്ര പറഞ്ഞു.

2011 ധര്‍മ്മേന്ദ്രയ്ക്ക് മികച്ച വര്‍ഷമാണ്. 2011ല്‍ പുറത്തിറങ്ങിയ താരത്തിന്റെ സിനിമകളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു. ഈ നിരയിലേക്ക് പുതിയ സിനിമയും കടന്നുവരുമെന്ന പ്രതീക്ഷയിലാണ് ഹിന്ദി സിനിമാലോകം.