ഇരുപത്തെട്ടു വര്‍ഷം മുമ്പ് ബേതാബ് എന്ന രാഹുല്‍ റവാലി ചിത്രം പുറത്തിറങ്ങിയപ്പോള്‍ ബോളിവുഡിനു ലഭിച്ചത് സണ്ണി ഡിയോള്‍ എന്ന താരത്തെയായിരുന്നു. ധര്‍മേന്ദ്രയുടെ മകന്‍ അജയ് സിങ് ഡിയോളിനെ സണ്ണിഡിയോളാക്കിയത്  ബേതാബായിരുന്നു. അമൃത സിങ്ങിനൊപ്പം സണ്ണി അഭിനയിച്ച ബേതാബ് അന്നത്തെ സൂപ്പര്‍ഹിറ്റായിരുന്നു. ഇതാ വര്‍ഷങ്ങള്‍ക്കു ശേഷം അതേ ചിത്രത്തിലൂടെ സണ്ണിയുടെ മകനും നായകവേഷത്തിലെത്തുന്നു. കരണ്‍ അഥവാ റോക്കിയുടെ ബോളിവുഡ് അരങ്ങേറ്റം ബേതാബ് 2വിലൂടെയായിരിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

സ്വന്തം ഹോം ബാനറില്‍ത്തന്നെ റോക്കിയെ പുറത്തിറക്കാനാണ് ചെയ്യാനാണ് സണ്ണി ആഗ്രഹം. നിരവധി ചിത്രങ്ങളും പുതിയ തിരക്കഥകളും മകനു വേണ്ടി തെരഞ്ഞെടുത്തു. എന്നാല്‍ ഏറ്റവും മികച്ചതിനു വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു സണ്ണി. ഒടുവിലാണ് തന്റെ ആദ്യ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെ മകനെ അവതരിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതുവരേയും തന്റെ കുടുംബത്തെ മാധ്യമങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു സണ്ണി.

സ്വന്തം സിനിമകള്‍ എത്രയും പെട്ടെന്നു തീര്‍ത്തു കഴിഞ്ഞാല്‍ ബേതാബ് 2 തുടങ്ങാനാണ് തീരുമാനം. ഇരുപതു വയസുകാരന്‍ കരണും ഇളയ മകന്‍ പതിനാറുകാരന്‍ രാജ്വീറും സിനിമയിലേക്കു വരാനുള്ള താത്പര്യം നേരത്തേ തന്നെ അറിയിച്ചിട്ടുള്ളതാണ്.

രാഹുല്‍ റവാലി നടത്തുന്ന ആക്റ്റിങ് സ്‌കൂളില്‍ കര്‍ണ്‍ പഠിക്കുകയും ചെയ്തിരുന്നു. സണ്ണിയുടെ അടുത്ത സുഹൃത്തും അഭ്യുതയകാംഷിയുമാണ് രാഹുല്‍. കരണിന്റെ ചിത്രവും സംവിധാനം ചെയ്യുക രാഹുല്‍ ആയിരിക്കുമെന്നു തന്നെയാണ് പ്രതീക്ഷ.