മുംബൈ : രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങള്‍ക്കുനേരെ അക്രമം തുടര്‍ന്നാല്‍ ബോളീവുഡ് ആസ്ഥാനം മുംബൈയില്‍ നിന്ന് മാറ്റുമെന്ന് ബോളീവുഡ് ഫിലിം ഇന്‍ഡസ്ട്രി.

Ads By Google

ലോക്കല്‍ നാഷണലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ കുറച്ചുനാള്‍മുമ്പ് ഒരു ബോളീവുഡ് സിനിമയുടെ ഷൂട്ടിങ് മുടക്കിയിരുന്നു. ഭാരതത്തിന്റെ സംസ്‌കാരത്തിന് മങ്ങലേല്‍പ്പിക്കുന്നെന്നാരോപിച്ചായിരുന്നു ഷൂട്ടിങ് മുടക്കിയത്.

കഴിഞ്ഞാഴ്ച്ച നടന്‍ ജോണ്‍ എബ്രഹാമിന്റെ വാനിറ്റി വാന്‍ ഉള്‍പ്പെടെ 15 ഓളം കാറുകള്‍ അക്രമികള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.

കാര്യങ്ങള്‍ കൈവിട്ട് പോയിരിക്കുകയാണെന്നും അക്രമം നടക്കുന്ന സ്ഥലത്ത് ജോലി ചെയ്യാന്‍ തങ്ങള്‍ക്കാവില്ലെന്നും ഫിലിം ഗ്വില്‍ഡ് മേധാവി രമേശ് സിപ്പി പറഞ്ഞു.

സിനിമാപ്രവര്‍ത്തകരെ ആക്രമിച്ച് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നതിന് വേണ്ടിയുള്ള ചിലരുടെ ശ്രമമാണിതെന്ന് ബോളീവുഡ് ഡയറക്ടര്‍ മഹേഷ് ഭട്ട്‌ പറഞ്ഞു.

സിനിമാ ടി.വി പ്രവര്‍ത്തകര്‍ക്കെതിരെയുളള അക്രമം തടഞ്ഞില്ലെങ്കില്‍ ബോളീവുഡ് ആസ്ഥാനം മറ്റെവിടേക്കെങ്കിലും മാറ്റുമെന്ന് പ്രവര്‍ത്തകര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ്‌ ചവാന് മുന്നറിയിപ്പ് നല്‍കി. മഹാരാഷ്ട്രാ സര്‍ക്കാര്‍ ഇത്തരത്തിലുള്ള അക്രമം തടയുന്നതില്‍ പരാജയപ്പെടുന്നെന്നും ഇവര്‍ ആരോപിക്കുന്നു.