എഡിറ്റര്‍
എഡിറ്റര്‍
ബോളിവുഡ് കുടുംബിനികളെ തിരികെ വിളിക്കുന്നു, കരിഷ്മയും മനീഷയും ശ്രീദേവിയും വീണ്ടും
എഡിറ്റര്‍
Thursday 3rd May 2012 2:00pm

ന്യൂദല്‍ഹി: മറ്റേത് മേഖലയിലെന്നപോലെ സ്ത്രീ പുരുഷ വിവേചനം സിനിമയിലുണ്ട്. പ്രായവും സൗന്ദര്യവും സ്ത്രീയുടെ കരിയറില്‍ മാറ്റംവരുത്തുമ്പോള്‍ ഏത് പ്രായത്തിലും പുരുഷന് സിനിമയില്‍ ഒരേ സ്ഥാനമാണ് ലഭിക്കുന്നത്. മധ്യവയസിലും പതിനാറുകാരി നായികയുടെ കൂടെ പുരുഷന്‍ അഭിനയിച്ചാല്‍ അത് പ്രശ്‌നമാക്കിയെടുക്കില്ല. എന്നാല്‍ നായികയുടെ കാര്യത്തില്‍ അത്തരമൊരു സാഹചര്യം വന്നുചേരാറേയില്ല.

മിക്ക നടിമാരുടെയും കരിയറിനെ ബാധിക്കുന്നത് വിവാഹമാണ്. പുരുഷന്‍ വിവാഹശേഷം സിനിമാ രംഗത്ത് തുടരുമോ എന്ന ചോദ്യം പോലും ഉയര്‍ന്നുവരാറില്ല. എന്നാല്‍ ഒരു നടി വിവാഹം കഴിക്കുന്നെന്ന് പ്രഖ്യാപിക്കുമ്പോള്‍ ആദ്യം ഉയരുന്ന ചോദ്യം അതായിരിക്കും. ചിലര്‍ വിവാഹശേഷം സ്വയം സിനിമയില്‍ നിന്ന് പിന്‍വലിയും. ചിലര്‍ക്ക് വിവാഹത്തോടെ മാര്‍ക്കറ്റ് ഇടിയും. ചിലരെ അമ്മവേഷത്തിലും ചേച്ചിവേഷത്തിലുമൊക്കെ ഒതുക്കം. അതാണ് ഇന്ത്യന്‍ സിനിമകളില്‍ പൊതുവെ നമുക്ക് കാണാന്‍ കഴിയുന്നത്.

ഈ പരമ്പരാഗത രീതിയില്‍ നിന്നും ബോളിവുഡ് ചെറുതായി മാറി ചിന്തിക്കുന്നുവെന്നാണ് പുതിയ ചലനങ്ങളില്‍ നിന്ന് നമുക്ക് മനസിലാക്കാനാവുക.  നായികമാരുടെ കരിയറിന്റെ അവസാനമായി വിവാഹത്തെ കണ്ട ബോളിവുഡ് ഇപ്പോള്‍ വിവാഹശേഷം തിരിച്ചെത്തുന്ന നടിമാരെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

90 കളില്‍ ബോളിവുഡിനെ മികച്ച നായികമാരിലൊരാളായ കരിഷ്മയെ ഇപ്പോള്‍ ബോളിവുഡ് തിരിച്ചുവിളിച്ചിരിക്കുകയാണ്. ഈ വര്‍ഷം പുറത്തിറങ്ങുന്ന കരിഷ്മയുടെ ചിത്രം ഡെയ്ഞ്ചറസ് ഇഷ്‌ക്കിന് വന്‍ പ്രചാരമാണ് ലഭിക്കുന്നത്.

2003ല്‍ ദല്‍ഹിയിലെ ഒരു ബിസിനസുകാരനുമായുള്ള വിവാഹബന്ധത്തോടെയാണ് കരിഷ്മ ബോളിവുഡില്‍ നിന്നകന്നത്. 2006ല്‍ പുറത്തിറങ്ങിയ മേരെ ജീവന്‍ സാത്തിയെന്ന ചിത്രത്തിലാണ് കരിഷ്മ അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ വിക്രം ഭട്ടിന്റെ ത്രിഡി ചിത്രം ഡെയ്ഞ്ചറസ് ഇഷ്‌ക്കിലൂടെ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് കരിഷ്മ.

യു.എസിലെ സര്‍ജന്‍ ശ്രീറാം നീനെയുമായുള്ള വിവാഹശേഷം ബോളിവുഡിനോട് വിടപറഞ്ഞ നടിയാണ് മാധുരി ദീക്ഷിത്. 2007ല്‍ ആചാ നാച്‌ലയിലൂടെ തിരിച്ചെത്തിയ മാധുരി ഇപ്പോള്‍ ഗുലാബ് ഗാംഗ്, ഡെത് ഇഷ്‌കിയ എന്നീ ചിത്രങ്ങളിലൂടെ തിരിച്ചുവരികയാണ്. വിശാല്‍ ഭരദ്വാജിന്റെ ഡെത് ഇഷ്‌കിയ 2010 വിദ്യാബാലന്‍ നായികയായ ഇഷ്‌കിയയുടെ രണ്ടാം ഭാഗമാണ്.

മുന്‍കാലബോളിവുഡ് സുന്ദരികളിലൊരാളായ മനീഷ കൊയ്‌രാളയും വെള്ളിത്തിരയില്‍ തിരിച്ചെത്തുകയാണ്. ഒനിറിന്റെ ദേശീയ അവാര്‍ഡ് നേടിയ ചിത്രം ഐആംലെ ചെറുവേഷത്തി

ലൂടെയാണ് മനീഷ വീണ്ടും ബോളിവുഡിലെത്തിയത്. ഇപ്പോള്‍ ഭൂ എന്ന ഹൊറര്‍ ചിത്രത്തില്‍ മികച്ച വേഷത്തിലൂടെ മനീഷ ബോളിവുഡില്‍ ചുവടുറപ്പിക്കുകയാണ്.

ബോണി കപൂ

റുമായുള്ള വിവാഹശേഷം ബോളിവുഡിനെ മറന്നതാണ് ശ്രീദേവി. ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെ ശ്രീദേവിയും തിരിച്ചെത്തുകയാണ്. ഒരു അമേരിക്കക്കാരനെ വിവാഹം കഴിക്കുന്ന ഇന്ത്യന്‍ യുവതിയായാണ് ചിത്രത്തില്‍ ശ്രീദേവി പ്രത്യക്ഷപ്പെടുന്നത്.

വിവാഹശേഷം പൂര്‍ണമായി സിനിമയെ ഉപേക്ഷിച്ചില്ലെങ്കിലും റവീണ ടെണ്ടനും ബോളിവുഡില്‍ തഴയപ്പെട്ടതാണ്. എന്നാല്‍ ശോഭനാസ് 7 നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ ശക്തമായ ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് റവീണയിപ്പോള്‍.

വിവാഹശേഷവും സിനിമയില്‍ സജീവമായ നടിമാരിലൊരാളായിരുന്നു ജൂഹി ചൗല. എന്നാല്‍ വിവാഹശേഷം ജൂഹിയെ ഓഫ് ബീറ്റ് ചിത്രങ്ങളില്‍ മാത്രമായി ഒതുക്കുകയാണുണ്ടായത്. എന്നാലിപ്പോള്‍ സണ്‍ ഓഫ് സര്‍ദാര്‍ എന്ന ചിത്രത്തിലൂടെ ജൂഹിയും ബോളിവുഡില്‍ തിരിച്ചെത്തുകയാണ്.

Advertisement