മലയാളസിനിമയില്‍ അന്യഭാഷതാരങ്ങളുടെ കടന്നുവരവ് കൂടിക്കൊണ്ടിരിക്കുകയാണ്. തെന്നിന്ത്യയില്‍നിന്നാണ് കൂടുതല്‍പേരും ഭാഗ്യപരീക്ഷണത്തിനായി മലയാളസിനിമയെ ആശ്രയിക്കുന്നത്. ഇവര്‍ക്കിടയില്‍ ഉത്തരേന്ത്യക്കാരും ഇല്ലെന്നല്ല. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കിംഗ് ആന്റ് കമ്മീഷണര്‍ എന്ന ചിത്രത്തിലൂടെ പ്രമുഖ ബോളിവുഡ് നടനും നാടകനടനുമായ മോഹന്‍ അഗാഷെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുകയാണ്.

മമ്മൂട്ടിയാണ് തന്റെ പേര് ചിത്രത്തിലേക്ക് നിര്‍ദേശിച്ചതെന്ന് അഗാഷെ പറയുന്നു. ജബ്ബാര്‍ പട്ടേലിന്റെ അംബേദ്കര്‍ എന്ന ചിത്രത്തിലഭിനയിക്കുന്ന സമയത്താണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ പല ചിത്രങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്-മനശ്ശാസ്ത്രഞ്ജന്‍ കൂടിയ അഗാഷെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഷൂട്ടിംഗിന്റെ ആദ്യദിനങ്ങളില്‍ ഭാഷയറിയാതെ കുറച്ചു ബുദ്ധിമുട്ടിയെന്ന് അഗാഷെ.

1990 കളില്‍ പുനെയിലെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറായിരുന്ന അഗാഷെയുടെ ചിത്രങ്ങളില്‍ ‘രംഗ് ദേ ബസന്തി’, ‘ദില്‍ ആശ്‌ന ഹെ’ എന്നിവ ശ്രദ്ധേയങ്ങളാണ്. ‘മിസ്സിസ്സിപ്പി മസാല’ എന്ന ഇംഗ്ലീഷ് ചിത്രത്തിലും 1996 ലെ സംഗീതനാടക അക്കാദമി അവാര്‍ഡു ജേതാവു കൂടിയായ അഗാഷെ അഭിനയിച്ചിട്ടുണ്ട്.