എഡിറ്റര്‍
എഡിറ്റര്‍
ബോല്‍ ബച്ചന്‍ 100 കോടി നേടിയിട്ടും ഷൂട്ടിങ് സെറ്റിട്ടവര്‍ക്ക് കൂലി നല്‍കിയില്ല
എഡിറ്റര്‍
Wednesday 1st August 2012 3:40pm

അഭിഷേക് ബച്ചനും അജയ് ദേവ്ഗണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബോല്‍ ബച്ചന്‍ 100 കോടി പട്ടികയില്‍ ചുരുങ്ങിയ ദിനംകൊണ്ട് തന്നെ കയറിക്കൂടിയ ചിത്രമാണ്. പക്ഷെ ചിത്രത്തിന്റെ നിര്‍മാതാവ് അഷ്ടവിനായകന്റെ സാമ്പത്തിക പ്രതിസന്ധി തീരാന്‍ ഇതൊന്നും മതിയാവില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസിലാവുന്നത്.

Ads By Google

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കൂലി നല്‍കാന്‍ പോലും ഈ തുക തികഞ്ഞിട്ടില്ല. ചിത്രീകരണത്തിനായി സെറ്റുണ്ടാക്കിയ തൊഴിലാളികള്‍ക്ക് ഇതുവരെ കൂലി നല്‍കിയിട്ടില്ല. കൂലിയിനത്തില്‍ 24 ലക്ഷം രൂപയാണ് തൊഴിലാളികള്‍ക്ക് നല്‍കാനുള്ളത്. തൊഴിലാളികള്‍ക്ക് നിര്‍മാതാവ് നല്‍കിയ ചെക്ക് മടങ്ങിയിരിക്കുകയാണിപ്പോള്‍.

ഫിലിം സ്റ്റുഡിയോസ് സെറ്റിങ്‌സ് ആന്റ് അലീഡ് മസ്ദൂര്‍ യൂണിയന് അഷ്ടവിനായകന്‍ നല്‍കിയ ചെക്കാണ് മടങ്ങിയത്. ജൂണ്‍ 30 ഡേറ്റായി എഴുതി 24,55,654 രൂപയുടെ ചെക്കാണ് അഷ്ടവിനായകന്‍ നല്‍കിയത്.

നേരത്തെ ഇതേ തുകയില്‍ ജൂലൈ 15 ഡേറ്റ് നല്‍കി അഷ്ടവിനായകന്‍ ഇവര്‍ക്ക് നല്‍കിയ ചെക്കും മടങ്ങിയിരുന്നു.

പണം നല്‍കാത്തതിന് വ്യക്തമായ കാരണം പറയാന്‍ അദ്ദേഹത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് അലീഡ് മസ്ദൂര്‍ യൂണിയന്റെ വൈസ് ചെയര്‍മാന്‍ പ്രേം സിങ് താക്കൂര്‍ പറഞ്ഞു. താക്കൂറിന്റെ പേരിലാണ് അഷ്ടവിനായകന്‍ ചെക്ക് നല്‍കിയത്.

ബോല്‍ ബച്ചന്റെ റിലീസിന് മുമ്പേ തന്നെ അഷ്ടവിനായകന്റെ സാമ്പത്തിക പ്രതിസന്ധി കുപ്രസിദ്ധമായതാണ്. പണം നല്‍കാനുള്ളതിന്റെ പേരില്‍ നിരവധിയാളുകള്‍ അദ്ദേഹത്തിനെതിരെ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. മുംബൈ ഹൈക്കോടതിയില്‍ ഇറോസ് ഇന്റര്‍നാഷണല്‍ അഷ്ടവിനായകന്റെ പ്രൊഡക്ഷന്‍ കമ്പനി പൂട്ടണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയിരുന്നു.

Advertisement