ന്യൂദല്‍ഹി:  ബോഫോഴ്‌സ് വിവാദ  ഇടപാടുമായി ബന്ധപ്പെട്ട് ഒക്ടോവിയോ ക്വത്‌റോച്ചിക്കെതിരേയുള്ള കേസ് പിന്‍വലിക്കാന്‍ സി.ബി.ഐയ്ക്ക് അനുമതി നല്‍കി. ദല്‍ഹി ഹൈക്കോടതിയാണ് അനുമതി നല്‍കിയത്.

കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അന്വേഷണ ഏജന്‍സി കോടതിയെ സമീപിച്ചത്. ക്വത്‌റോച്ചിയെ വിചാരണയ്ക്കായി വിട്ടുകിട്ടാന്‍ കഴിയില്ലെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ അപ്പീല്‍ നല്‍കുമെന്ന് ഹരജിക്കാരന്‍ അറിയിച്ചു.

ഫെബ്രുവരി 21ന് കേസ് വിധിപറയനായി മാറ്റിവച്ചിരുന്നു. ക്വത്‌റോച്ചിയും മറ്റൊരു ഇടപാനിലക്കാരനായ വിന്‍ഛദ്ദയും കരാറിന്റെ ഭാഗമായി വന്‍തുക കൈപ്പറ്റിയിരുന്നുവെന്ന് ഇന്‍കംടാക്‌സ് അപ്പിലേറ്റ് അതോറിറ്റി നേരത്തേ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേസ് അനന്തമായി നീണ്ടുപോകുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു.

ഇത്തരത്തില്‍ വന്‍തുക കൈപ്പറ്റിയതിനാല്‍ ഇന്ത്യന്‍ സര്‍ക്കാറിന് 160 കോടിയുടെ അധികനഷ്ടം ഉണ്ടായതായും നികുതിവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കണ്ടെത്തലില്‍ പുതുതായി ഒന്നുമില്ലെന്നും കേസ് അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നും സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.