ന്യൂദല്‍ഹി: ബൊഫോഴ്‌സ് ആയുധ ഇടപാടുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ വ്യാപാരി ഒട്ടാവിയോ ക്വത് റോച്ചിക്കെതിരായ കേസ് പിന്‍വലിക്കാന്‍ അനുവാദം ആവശ്യപ്പെട്ട് സി.ബി.ഐ സമര്‍പ്പിച്ച ഹരജി വിധിപറയാന്‍ മാര്‍ച്ച് നാലിലേക്ക് മാറ്റി. ദല്‍ഹി ചീഫ് മെട്രോ പൊളിറ്റന്‍ കോടതിയാണ് കേസ് പരിഗണിച്ചത്

കേസിന്റെ ഒരു ഘട്ടത്തിലും ക്വത് റോച്ചിയെ കോടതിയില്‍ ഹാജരാക്കാന്‍ സി.ബി.ഐക്ക് കഴിഞ്ഞിരുന്നില്ല. വിദേശത്തുള്ള ക്വത് റോച്ചിയെ വിട്ടുകിട്ടാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തില്‍ കേസ് തുടരുന്നത് നീതിയുക്തമല്ലെന്നാണ് സി.ബി.ഐ വാദിക്കുന്നത്. കേസ് പിന്‍വലിക്കാന്‍ അനുവാദം തേടി 2009 ഒക്ടോബറിലാണ് സി.ബി. ഐ കോടതിയെ സമര്‍പ്പിച്ചത്.

1986 സ്വീഡിഷ് ആയുധ നിര്‍മാണ കമ്പനിയായ ബൊഫോഴ്‌സുമായി ഒപ്പിട്ട തോക്കുകളുടെ ഇറക്കുമതി കരാറില്‍ കോടികളുടെ അഴിമതി നടന്നതായാണ് ആരോപണം. കരാറിന്റെ ഇടനിലക്കാരനായ ക്വത്‌റോച്ചിക്കെതിരെ 1990കളിലാണ് സി.ബി. ഐ കേസ് രജിസ്റ്റര്‍ ചെയ്തത്.