കൊച്ചി: മലയാളിയുടെ പ്രയിങ്കരരായ ബോബനും മോളിയും കഥാപാത്രങ്ങള്‍ വെള്ളിത്തിരയിലും ഇനി ചിരിപടര്‍ത്തും. മലയാളത്തിലെ പ്രമുഖ കാര്‍ട്ടൂണ്‍ പരമ്പരയായ ടോംസിന്റെ ബോബനും മോളിയും സിനിമയാവുകയാണ്.

ബോബനും മോളിയും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ കേരളത്തിലെ ഇപ്പോഴത്തെ ഒരു പഞ്ചായത്തില്‍ എത്തുകയും അവിടത്തെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും ചെയ്യുമ്പോഴുണ്ടാവുന്ന രസകരങ്ങളായ സംഭവങ്ങളാണ് സിനിമയില്‍ പറയുന്നത്.

തിരിയുടെ മാലപ്പടക്കം പടര്‍ത്തുന്ന ചിത്രത്തില്‍ അവസാനം ഗൗരവമുള്ള ഒരു സന്ദേശം നല്‍കുന്നതായിരിക്കുമെന്ന് ബോബനും മോളിയും കാര്‍ട്ടൂണുകളുടെ സൃഷ്ടാവായ ടോംസ് വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പ് ബോബനും മോളിയും സിനിമയാക്കാന്‍ ശ്രമം നടന്നെങ്കിലും പല കാരണങ്ങളാല്‍ നടന്നില്ല. അന്ന് മോളിയായി നിശ്ചയിച്ചിരുന്നത് കാവ്യാ മാധവനെയായിരുന്നു. ഇപ്പോള്‍ ബോബനും മോളിയും സീരിസിലെ കഥാപാത്രങ്ങളോട് സാദൃശ്യമുള്ളവരെ തിരഞ്ഞെടുക്കാനാണ് ഉദ്ദേശിക്കുന്നത്. കഴിവുള്ളവരെ ലഭിച്ചില്ലെങ്കില്‍ സിനിമാ രംഗത്തെ പ്രഫഷനലുകളെ തന്നെ അഭിനയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജെ പി എസ് ഗ്രൂപ്പ് കലാമന്ദിര്‍ ആര്‍ട്‌സിനു വേണ്ടി കിരണ്‍ വര്‍മയും ശ്രീ വല്ലഭ ക്രിയേഷന്‍സിനു വേണ്ടി ഷൈജ വിജയും ചേര്‍ന്നാണ് ബോബനും മോളിയും നിര്‍മിക്കുന്നത്. വിജയകുമാര്‍ തിരുവല്ലയാണ് ചിത്രത്തിന്റെ സംവിധായകന്‍. മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമയുടെ ത്രീ ഡി കണ്‍സള്‍ട്ടന്റും മലയാളം, ഹിന്ദി, തമിഴ്, കന്നഡ എന്നിവയിലെ നിരവധി ചിത്രങ്ങളുടെ കാമറാമാനുമായ നമ്പ്യാതിരി ചിത്രത്തിന്റെ ഛായാഗ്രാഹകനാവും. കഥ, തിരക്കഥ , സംഭാഷണം എന്നിവ നിര്‍ഹിക്കുന്നത് സംവിധായകനായ വിജയകുമാര്‍ തിരുവല്ലയും ടോംസും ചേര്‍ന്നാണ്.