പ്രശസ്ത ബോളിവുഡ് നടന്‍ ബോബ് ക്രിസ്‌റ്റോ (72) അന്തരിച്ചു. ഹൃദ്രോഗത്തെത്തുടര്‍ന്നു ബാംഗ്ലൂരില്‍ ജയദേവ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ചയാണ് ബോബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്‍ജിയോപ്ലാസ്റ്റി നടത്തിയെങ്കിലും ജീവന്‍ പിടിച്ചു നിര്‍ത്താനായില്ല.

ആസ്‌ത്രേലിയക്കാരനായ ക്രിസ്‌റ്റൊ മലയാളമടക്കം 200ലധികം സിനിമകളിലഭിനയിച്ചിട്ടുണ്ട്. 1980ല്‍ നടനും സംവിധായകനുമായ സഞ്ജയ് ഖാന്റെ ‘അബ്ദുള്ള’ എന്ന ചിത്രത്തിലൂടെയാണു ക്രിസ്‌റ്റൊ ബോളിവുഡിലെത്തുന്നത്. തുടര്‍ന്നു അമിതാഭ് ബച്ചന്‍ നായകനായ നമക് ഹലാല്‍, അഗ്‌നി പഥ്, കാലിയ, മര്‍ദ് എന്നിവയിലും നാസ്തിക്, കുര്‍ബാനി, മിസ്റ്റര്‍ ഇന്ത്യ, രൂപ് കി റാണി ചോരോം ക രാജ, ഗുംരാഹ, സര്‍ഫാരോഷ്, കിസ്മത് തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. 80കളിലും 90കളിലും ഇന്ത്യന്‍ സിനിമകളിലെ പ്രധാന വില്ലന്‍ കഥാപാത്രമായിരുന്നു.

എന്‍ജിനീയറിങ് ബിരുധദാരിയായ ക്രിസ്‌റ്റൊ മോഡലിങ്ങിലൂടെയാണ് ഇന്ത്യയിലെത്തിയത്. ഇന്ത്യന്‍ സിനിമകളോടുള്ള ആവേശം കൊണ്ട് മുംബൈയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. സായിപ്പിന്റെ രൂപമുള്ള വില്ലന്‍ ബോളിവുഡിന് മാത്രമല്ല തെന്നിന്ത്യന്‍ സിനിമയ്ക്കും ഏറെ പ്രിയനായിരുന്നു. 2000ല്‍ ബംഗ്ലൂരിലേക്ക് താമസം മാറിയതിന് ശേഷം യോഗയിലും ബിസ്സിനസ്സിലും ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.