Administrator
Administrator
ഇറ്റലിയില്‍ അഭയാര്‍ത്ഥി ബോട്ട് മുങ്ങി: 150പേരെ കാണാതായി
Administrator
Thursday 7th April 2011 9:00am

റോം: ഇറ്റലിയില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി 150 പേരെ കാണാതായി. 48 പേരെ രക്ഷപ്പെടുത്തി. നിരവധി കുടിയേറ്റക്കാരുടെ അഭയകേന്ദ്രമായ ഇറ്റാലിയന്‍ ദ്വീപായ ലാമ്പെഡൂസയ്ക്ക് 70 കിലോമീറ്റര്‍ അകലെയാണ് 250ഓളം പേര്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങിയത്. 25 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

ലിബിയ, ടുണീഷ്യ, സൊമാലി, എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇറ്റലിയുടെ മൂന്നു തീരസേനാ കപ്പലുകളും രണ്ടു വിമാനവും ഒരു ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.

രണ്ട് ദിവസം മുമ്പ് ലിബിയയില്‍ നിന്നാണ് കപ്പല്‍ യാത്ര ആരംഭിച്ചത്. ഇന്നലെ രാവിലെയാണു തീരരക്ഷാ സേനയ്ക്ക് ബോട്ടില്‍ നിന്ന് അടിയന്തര സന്ദേശം ലഭിച്ചത്. അതേ സമയം ശക്തമായ കാറ്റും മോശം കാലാവസ്ഥയും മൂലം രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചതായി സേന അറിയിച്ചു. ഇത് മരണ സംഖ്യ ഇനിയും ഉയരാന്‍ കാരണമാകും.

മിഡില്‍ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലേയും പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ആയിരക്കണക്കിനാളുകളാണ് ഇവിടെ അഭയം പ്രാപിക്കുന്നത്. പ്രക്ഷോഭത്തെത്തുടര്‍ന്ന് ടുണീഷ്യയില്‍ നിന്നു മാത്രമായി ആയിരങ്ങളാണു ലാമ്പെഡൂസയില്‍ അഭയംപ്രാപിച്ചത്. ഇതിനകം 20,000ത്തോളം കുടിയേറ്റക്കാര്‍ക്ക് ആറുമാസത്തേക്കു താമസിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ടെന്നും കൂടുതല്‍ കുടിയേറ്റക്കാര്‍ പ്രവേശിക്കുന്നതു നിര്‍ത്തിവച്ചിരിക്കുകയാണ്.ലാമ്പെഡൂസയിലെ കുടിയേറ്റക്കാരുടെ ആധിക്യംമൂലം ഇവിടെ നിന്ന് മറ്റിടങ്ങളിലേക്ക് ആളുകളെ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

Advertisement