ആലപ്പുഴ:  കപ്പല്‍ ബോട്ടിലിടിച്ച് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലായ ‘പ്രഭുദയ’ കപ്പലിലെ നാവികനെ അറസ്റ്റ് ചെയ്തു. മൂന്നാം പ്രതിയായ ഗുജറാത്ത് സ്വദേശി മയൂര്‍ വീരേന്ദ്രകുമാറിനെ(23)യാണ് എറണാകുളം റേഞ്ച് ഐ.ജി: കെ. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈ മറൈന്‍ പോലീസും കേരളാപോലീസും ചേര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പ്രതിയെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച രാത്രി തന്നെ കേരളത്തിലേക്ക് കൊണ്ടുപോകുമെന്നും 24 മണിക്കൂറിനകം അമ്പലപ്പുഴ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്നും ഐ.ജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.നേരത്തേ കപ്പലില്‍നിന്നു ചാടി ആത്മഹത്യക്കു ശ്രമിച്ച ഒന്നാം പ്രതി മലയാളി ഓഫീസര്‍ പ്രശോഭ് സുഗതനെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കപ്പല്‍ കൊച്ചി തുറമുഖത്തേക്ക് കൊണ്ടുപോകാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെ അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്.

കപ്പലിന്റെ ക്യാപ്റ്റന്‍ വിശാഖപട്ടണം സ്വദേശി പെരേര ഗോള്‍ഡന്‍ ചാള്‍സാണു രണ്ടാം പ്രതി. അറസ്റ്റുമായി ബന്ധപ്പെട്ട നടപടികള്‍ തമിഴ്‌നാട് പോലീസുമായും തുറമുഖ അധികൃതരുമായും ചര്‍ച്ചചെയ്ത ശേഷമാണ് ഇന്നലെ രാവിലെ മയൂറിനെ കസ്റ്റഡിയിലെടുത്തത്. നെടുമ്പാശേരിയില്‍നിന്നു വിമാനമാര്‍ഗമാണ് ഐ.ജി. ഇന്നലെ ചെന്നൈയിലെത്തിയത്.

കേസിലെ ഒന്നാം പ്രതിയും കപ്പലിലെ സെക്കന്റ് ഓഫിസറുമായ തിരുവനന്തപുരം അമ്പലമുക്ക് മാളിയേക്കല്‍ വീട്ടില്‍ പ്രശോഭ് സുഗതനെ ഇന്ത്യയിലെത്തിക്കാന്‍ നടപടിയെടുത്തതായി ഐ.ജി അറിയിച്ചു. ശ്രീലങ്കയിലെ ട്രിങ്കോമാലിയില്‍ ചികില്‍സയില്‍ കഴിയുന്ന പ്രശോഭ് സുഗതന്‍ തിരിച്ചെത്തിയാലുടന്‍ അറസ്റ്റ് ചെയ്യും.

ചെന്നൈ തുറമുഖത്തുനിന്നു രണ്ടു നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെത്തിയായിരുന്നു അറസ്റ്റ്. അറസ്റ്റ് ചെയ്ത മയൂര്‍ വീരേന്ദ്രകുമാറിനെ ഇന്ന് അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കും. മറൈന്‍ മര്‍ക്കന്റൈല്‍ വിഭാഗത്തിലെ മുങ്ങല്‍ വിദഗ്ധര്‍ ജലോപരിതലത്തിന് അടിയില്‍ കപ്പലിന്റെ ഭാഗങ്ങള്‍ പരിശോധിച്ചിരുന്നു. അപകടം സംബന്ധിച്ച ചില തെളിവുകള്‍ ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

Malayalam news

Kerala news in English