തിരുവനന്തപുരം: മുന്നണി ധാരണകള്‍ക്ക് വിരുദ്ധമായി ബോര്‍ഡ് കോര്‍പ്പറേഷന്‍ ഭാരവാഹികളെ കോണ്‍ഗ്രസ് നിയമിച്ചതില്‍ ഘടകകക്ഷികള്‍ക്ക് എതിര്‍പ്പ്. യു.ഡി.എഫില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ചില സ്ഥാനങ്ങളിലേക്ക് അംഗങ്ങളെ നിയമിച്ചതാണ് ഘടകകക്ഷികളെ ചൊടിപ്പിച്ചത്.

എകപക്ഷീയമായെടുത്ത തീരുമാനങ്ങള്‍ അടിയന്തിരമായി റദ്ദ് ചെയ്യണമെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെടുമെന്ന് സോഷ്യലിസ്റ്റ് ജനത നേതാക്കള്‍ അറിയിച്ചു. കോണ്‍ഗ്രസ് തീരുമാനങ്ങള്‍ക്കെതിരെ മറ്റ് ഘടകകക്ഷികളും രംഗത്തെത്തിയിട്ടുണ്ട്.

വിവിധ സാംസ്‌കാരിക സ്ഥാപന അധ്യക്ഷന്‍മാരെയും ഭാരവാഹികളെയും നിയമിച്ച ഉത്തരവ് കഴിഞ്ഞദിവസം സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. സംഗീത നാടക അക്കാദമി ചെയര്‍മാന്‍, ലളിതകലാ അക്കാദമി ചെയര്‍മാന്‍, ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങളിലേക്കുള്ള ഭാരവാഹികളെയാണ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.

മുസ്‌ലീം ലീഗിന്റെ എതിര്‍പ്പ് നിലനില്‍ക്കുന്നതിനാല്‍ പ്രസ് അക്കാദമി ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച തീരുമാനമെടുത്തിട്ടില്ല.