ബെര്‍ലിന്‍: മ്യൂണിക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ബി എം ഡബ്ല്യൂ മൂന്നുലക്ഷത്തിലധികം വാഹനങ്ങള്‍ നിരത്തുകളില്‍ നിന്നും പിന്‍വിലക്കുന്നു. പവര്‍ബ്രെയ്ക്ക് സംവിധാനത്തിലുണ്ടായ പ്രശ്‌നം പരിഹരിക്കുന്നതിനാണ് നീക്കമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

ബി എം ഡബ്ല്യു5,6,7 വിഭാഗത്തില്‍പ്പെട്ടതും റോള്‍സ് റോയ്‌സ് ഫാന്റം വിഭാഗത്തില്‍പ്പെട്ടതുമായ ആഡംബര വാഹനങ്ങള്‍ക്കാണ് പവര്‍ബ്രെയ്ക്കിലെ പ്രശ്‌നം ഉണ്ടായിരിക്കുന്നത്. അമേരിക്കയടക്കം പ്രമുഖ കമ്പോളങ്ങളില്‍ നിന്നും വാഹനങ്ങള്‍ പിന്‍വലിച്ചത് കമ്പനിയെ കാര്യമായി ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. യന്ത്രസംവിധാനങ്ങളിലെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഹ്യൂണ്ടായി അടക്കം പലപ്രമുഖ കമ്പനികളും തങ്ങളുടെ വാഹനങ്ങള്‍ പിന്‍വലിച്ചിരുന്നു.