മുംബൈ: പുതിയ മോഡലുകളും ആനുകൂല്യങ്ങളുമായി പ്രമുഖ വാഹന നിര്‍മ്മാതാക്കളെല്ലാം രംഗത്തെത്തിയതോടെ നിരത്ത് കൈയ്യടക്കാനുള്ള മല്‍സരം ശക്തമാകുന്നു. ബി.എം.ഡബ്ല്യൂ, ബെന്‍സ്, ഓഡി എന്നീ ആഡംബര കാര്‍ കമ്പനികള്‍ അടക്കമുള്ളവയാണ് ഇന്ത്യന്‍ വിപണിയെ ലക്ഷ്യമിട്ട് രംഗത്തെത്തിയത്.

1 സീരീസിലെ ഹാച്ച്ബാക്ക്, മിനി കോംപാക്ട് മോഡലുകളാണ് ബി.എം.ഡബ്ല്യൂ ഉടന്‍ പുറത്തിറക്കുക. രണ്ടുവര്‍ഷത്തിനുള്ളില്‍ ഇവ ഇന്ത്യന്‍ നിരത്തുകളിലെത്തും. ഇന്ത്യയിലെ വാഹനവിപണി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും ആഡംബര കാറുകള്‍ക്ക് ഡിമാന്റ് വര്‍ധിച്ചിട്ടുണ്ടെന്നും ബി.എം.ഡബ്ല്യൂ ഇന്ത്യ പ്രസിഡന്റ് ആന്‍ഡ്രിയസ് ഷാഫ് പറഞ്ഞു.

എ, ബി ക്ലാസ് സീരീസിലെ കാറുകള്‍ 2013 ആകുമ്പോഴേക്കും പുറത്തിറക്കുമെന്നാണ് മെര്‍സിഡസ് ബെന്‍സ് വ്യക്തമാക്കിയിട്ടുള്ളത്. ഓഡിയും ആഡംബര കാറുകള്‍ പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ആഡംബര കാര്‍ വിപണിയില്‍ ബി.എം.ഡബ്ല്യൂ ആണ് മുന്നില്‍ നില്‍ക്കുന്നത്. വിപണിയുടെ 70 ശതമാനവും കമ്പനിയുടെ നിയന്ത്രണത്തിലാണ്. രണ്ടാം സ്ഥാനത്ത് മെര്‍സിഡീസും മൂന്നാമത് ഓഡിയുമാണ്.