പുനെ: ഓഡി ക്യൂ 5ന് പിന്നാലെ ബിഎംഡബ്യൂവിന്റെ സ്‌പോര്‍ട്‌സ് യൂട്ട്‌ലിറ്റി വെഹിക്കിളായ എക്‌സ് 3യും ഇന്ത്യന്‍ ആഡംബര കാര്‍ വിപണി കീഴടക്കാനായിയെത്തുന്നു. ഈ വര്‍ഷം സെപ്റ്റംബറോടെ വാഹനം വിപണിയില്‍ എത്തുമെന്ന് കമ്പനി വക്താവ് അറിയിച്ചു.

രണ്ടാം തലമുറയില്‍പെട്ട എക്ല് 3 എസ് യു വിയുടെ ഡീസലിന്റെ രണ്ടു ലിറ്ററും മുന്ന് ലിറ്ററും എന്‍ജിനോട് കൂടിയ രണ്ട് മോഡലുകളാണു കമ്പനി പുറത്തിറക്കുക. എക്‌സ് 3 രണ്ട് ലിറ്റര്‍ മോഡലിന് 41.20 ലക്ഷം രൂപയും എക്‌സ് 3 മൂന്ന് ലിറ്റര്‍ മോഡലിന് 47.90 ലക്ഷം രൂപയുമായിരിക്കും വില.

ചെന്നൈയിലെ പ്ലാന്റില്‍ വച്ചായിരിക്കും കാറിന്‍െ നിര്‍മ്മാണം. വര്‍ഷത്തില്‍ 11,000 കാര്‍ ഉത്പാദിപ്പിക്കുന്ന തരത്തില്‍ 2012 ഓടെ ചെന്നൈ പ്ലാന്റിന്റെ വികസനം നടപ്പാക്കുമെന്നും ഇതിനായി 70 കോടി രൂപ വകയിരുത്തുമെന്നും കമ്പനി വക്താവ് അറിയിച്ചു.

ഓഡി ക്യൂ 5, മെര്‍സിഡസ് ബെന്‍സ് ജിഎല്‍കെ സെഗ്മന്റിലാണ് എക്‌സ് 3 വരുന്നത്. രാജ്യത്തെ ആഡംബര കാര്‍ വിപണിയിലെ 70 ശതമാനവും ബിഎംഡബ്യൂ, മെര്‍സിഡസ് കൈയടക്കി വച്ചിരിക്കുകയാണ്. 2010 ല്‍ 6246 വാഹനങ്ങളാണു ബിഎംഡബ്യു വിറ്റത്.

2011ലെ ആദ്യത്തെ ഏഴ് മാസങ്ങളിലായി 5,364 കാറുകള്‍ വിറ്റ് കഴിഞ്ഞു. വര്‍ഷാവസനത്തോടെ 10,000 കാറുകള്‍ വിറ്റഴിക്കാനാവുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍.