എഡിറ്റര്‍
എഡിറ്റര്‍
ബി.എം.സി തെരഞ്ഞെടുപ്പ്; ബി.ജെ.പിയ്ക്ക് തിരിച്ചടി; ശിവസേന വിജയത്തിലേക്ക്
എഡിറ്റര്‍
Thursday 23rd February 2017 4:41pm

മുംബൈ: എണ്‍പത് ശതമാനവും വോട്ടെണ്ണല്‍ പൂര്‍ത്തിയായ ബ്രിഹാന്‍മുംബൈ മുന്‍സിപ്പാലിറ്റി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ശിവസേനയ്ക്ക് മുന്‍തൂക്കം. രണ്ടാമതുള്ള ബി.ജെ.പിയേക്കാള്‍ മുപ്പത് സീറ്റുകളുടെ ലീഡ് ശിവസേനയ്ക്കുണ്ട്.

227 വാര്‍ഡുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ശിവസേനയ്ക്ക് 90 സീറ്റുകള്‍ നേടാന്‍ സാധിച്ചിട്ടുണ്ട്. തൊട്ട് പിന്നിലുള്ള ബി.ജെ.പിയ്ക്ക് 60 സീറ്റുകളാണ് നേടാന്‍ സാധിച്ചത്. സമാജ് വാദി പാര്‍ട്ടിയ്ക്ക് ആറ് സീറ്റിലാണ് നേട്ടമുണ്ടാക്കാന്‍ സാധിച്ചത്.

കനത്ത പോളിംഗ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ സഖ്യത്തില്‍ നിന്നും വേര്‍പിരിഞ്ഞ ശിവസേനയ്ക്ക് ബി.ജെ.പിയ്‌ക്കെതിരെ മുന്‍തൂക്കം നേടാന്‍ സാധിച്ചിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല.

അതേസമയം മഹാരാഷ്ട്രയില്‍ ബി.ജെ.പി നേട്ടം കൊയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുംബൈയിലും താനെയിലുമാണ് ശിവസേന മുന്നിട്ട് നില്‍ക്കുന്നത്. അന്ധേരിയിലെ ശിവസേന സ്ഥാനാര്‍ത്ഥിയായ തൃശ്ശൂര്‍ സ്വദേശിയായ ടി.എം ജഗദീഷ് വിജയിച്ചു.

എന്‍.സി.പിയുടെ തട്ടകമായിരുന്ന പൂനെ, എം.എന്‍.എസിന്റെ ഭരണമുള്ള നാസിക്, നാഗ്പൂര്‍, അകോള, സോലാപൂര്‍ നഗരസഭകളില്‍ ബി.ജെ.പിയാണ് മുന്നിലുള്ളത്. കോണ്‍ഗ്രസിനും എന്‍.സി.പിയ്ക്കും കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല.

Advertisement