ചിത്രം കടപ്പാട്: മനോരമ ന്യൂസ്

കണ്ണൂര്‍: കണ്ണൂരില്‍ മെയ് മാസം ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി ബ്ലൂ വെയ്ല്‍ ഗെയിമിനു അടിമയായിരുന്നുവെന്ന് മാതാവ്. ഐ.ടി.ഐ വിദ്യാര്‍ത്ഥിയായിരുന്ന സാവന്തിന്റെ മാതാവിന്റേതാണ് വെളിപ്പെടുത്തല്‍. സാവന്ത് ബ്ലൂവെയ്ല്‍ ഗെയിമിന് അടിമയായിരുന്നുവെന്ന് സാവന്തിന്റെ മാതാവ് മനോരമന്യൂസിനോട് പറഞ്ഞു.
കയ്യിലും നെഞ്ചിലും മുറിവുണ്ടാക്കി അക്ഷരങ്ങള്‍ കോറിയിട്ട ചിത്രങ്ങള്‍ സാവന്തിന്റെ കുടുംബം കൈമാറിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. രാത്രി ഒറ്റയ്ക്ക് പുറത്തുപോകുമെന്നും മടങ്ങിയെത്തുന്നത് പുലര്‍ച്ചെയാണെന്നും പുസ്തകവും ബാഗും കടലിലേക്ക് വലിച്ചെറിഞ്ഞിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാത്രി മുഴുവന്‍ ഫോണില്‍ ഗെയിം കളിച്ചിരുന്ന സാവന്തിന്റെ ഉറക്കവും ആഹാരവും പുലര്‍ച്ചെയായിരുന്നു എന്നും മകനെ പലതവണ കൗണ്‍സിലിങ്ങിന് വിധേയനാക്കിയതായും സാവന്തിന്റെ മാതാപിതാക്കള്‍ പറയുന്നു.


 

Read more: ഗോരക്ഷകര്‍ക്കെതിരെ ഇന്ത്യ നടപടിയെടുക്കുന്നില്ലെന്ന് അമേരിക്ക; കൂടുതലും അക്രമിക്കപ്പെടുന്നത് മുസ്‌ലിംങ്ങള്‍


തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശിയായ മനോജ് എന്ന വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ബ്ലൂവെയ്ല്‍ ഗെയിമിനെ തുടര്‍ന്നാണെന്ന് ഇന്നലെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മാതാപിതാക്കളാണ് ഇത്തരമൊരു സംശയം പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ പൊലീസ് ഇതു സ്ഥിരീകരിച്ചിട്ടില്ല.

ഒറ്റക്ക് കടല്‍ കാണാന്‍ പോവുകയും ദൂരസ്ഥലങ്ങളിലേക്ക് സഞ്ചരിക്കുക, നീന്തലറിയാതെ പുഴയില്‍ ചാടുക, രാത്രിയില്‍ സെമിത്തേരിയില്‍ പോയിരിക്കുക തുടങ്ങിയ പ്രവര്‍ത്തികള്‍ മനോജ് ചെയ്തിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞിരുന്നു.