കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭ പാസാക്കിയ സിംഗൂര്‍ ഭൂനിയമം ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. ടാറ്റയുടെ നാനോ കാര്‍ ഫാക്ടറിക്കു വേണ്ടി കര്‍ഷകരില്‍ നിന്ന് മുന്‍സര്‍ക്കാര്‍ ഏറ്റെടുത്ത് കൈമാറിയ 400 ഏക്കര്‍ ഭൂമി കര്‍ഷകര്‍ക്ക് തന്നെ മടക്കി നല്‍കാനായി മമത ബാനര്‍ജി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.

സിംഗൂര്‍ ഭൂനിയമം ശരിവെച്ചുകൊള്ളുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ടാറ്റ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ മമത സര്‍ക്കാരിന് രണ്ട് മാസത്തെ സമയവും ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്.

സിംഗൂര്‍ ഭൂനിയമത്തിലെ 3,4,5 സെക്ഷനുകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് പിനാകി ചന്ദ്ര ഗോസ്, ജസ്റ്റിസ് മൃണാല്‍ കാന്തി ചൗധരി എന്നിവരുള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.

2011ല്‍ മമത ബാനര്‍ജി അധികാരത്തില്‍ വന്ന സമയത്ത് സിംഗൂര്‍ ഭൂനിയമം പാസാക്കുകയും അതുവരെയുള്ള സര്‍ക്കാരിന്റെ ഭൂമിയേറ്റെടുക്കല്‍ നടപടി നിയമവിധേയമാക്കുകയും ചെയ്തിരുന്നു. നാനോ ഫാക്റ്ററിക്കു വേണ്ടി ഇടതു സര്‍ക്കാര്‍ ടാറ്റയ്ക്കു പാട്ടത്തിന് നല്‍കിയ 997 ഏക്കര്‍ ഭൂമിയില്‍ കര്‍ഷകരുടെ സമ്മതമില്ലാതെ ഏറ്റെടുത്ത 400 ഏക്കര്‍ ഭൂമി കര്‍ഷകര്‍ക്കു മടക്കി നല്‍കണമെന്നതായിരുന്നു നിയമത്തിലെ പ്രധാന വ്യവസ്ഥ. ഗവര്‍ണറുടെ അനുമതി ലഭിച്ചിട്ടുള്ള സിംഗൂര്‍ ലാന്റ് റീഹാബിലിറ്റേഷന്‍ ആന്റ് ഡെവലപ്‌മെന്റ് ബില്‍ ജൂണ്‍ 14 നാണ് മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ പാസാക്കിയത്. മമതാ ബാനര്‍ജി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ചേര്‍ന്ന ആദ്യമന്ത്രിസഭാ യോഗത്തിലാണ് ഭൂമി കര്‍ഷകര്‍ക്ക് മടക്കി നല്‍കാന്‍ തീരുമാനമെടുത്തത്. ഇത് ഭരണഘടനാവിരുദ്ധമാണെന്ന് കാണിച്ചാണ് ടാറ്റ ഹൈക്കോടതിയെ സമീപിച്ചത്.

ഇടതുകോട്ട തകര്‍ത്ത് മമത ബാനര്‍ജി അധികാരത്തില്‍ വന്നപ്പോള്‍ രാഷ്ട്രീയമായി ഉയര്‍ത്തിപ്പിടിച്ചിരുന്ന ഒന്നായിരുന്നു സിംഗൂര്‍ ഭൂനിയമം. നിയമം നലനില്‍ക്കുന്നതല്ലെന്ന് കോടതി ഉത്തരവിട്ടത് മമത സര്‍ക്കാരിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.