മുംബൈ: ഇന്ത്യന്‍ ഓഹരി വിപണികള്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 510 പോയിന്റ് വരേയും നിഫ്റ്റി 150 പോയിന്റ് വരേയും ഇടിഞ്ഞു.

പ്രമുഖ ധനകാര്യ റേറ്റിങ് ഏജന്‍സി സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് കഴിഞ്ഞ ദിവസം കുറച്ചിരുന്നു. കടപരിധി ബില്‍ പാസാക്കിയെങ്കിലും രാജ്യത്തിന്റെ സാമ്പത്തികനില ഭദ്രമല്ലെന്ന സൂചനയെ തുടര്‍ന്നാണ് സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ റേറ്റിങ് കുറച്ചത്. ട്രിപ്പിള്‍ എയില്‍ നിന്നു ഡബിള്‍ എ പ്ലസ് ആയാണ് തരംതാഴ്ത്തിയത്. ഇതാണ് ഇന്ത്യന്‍ വിപണിയേയും ബാധിച്ചതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

16,907.57 പോയന്റില്‍ തുടങ്ങിയ സെന്‍സെക്‌സ് ആദ്യ അരമണിക്കൂറിനുള്ളില്‍ തന്നെ 16,793.07 പോയന്റിലേക്കും 5083.85ല്‍ തുടങ്ങിയ നിഫ്റ്റി 5060.05ലേക്കും ഇടിഞ്ഞു.

സാങ്കേതിക മേഖലയിലെ ഓഹരികളിലാണ് കൂടുതല്‍ നഷ്ടവും. ടി.സി.എസ് ഓഹരികള്‍ 4 ശതമാനത്തോളം താഴ്ന്നു. ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയിലെ ഓഹരികളും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒഹരികളും നഷ്ടത്തിലാണ്. അഡാഗ് ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളും നഷ്ടത്തോടെയാണ് വ്യാപാരം തുടരുന്നത്. സ്‌റ്റെര്‍ലൈറ്റ്, ഹിന്‍ഡാല്‍ക്കോ, കെയിന്‍, സെസാ ഗോവ എന്നീ ഓഹരികള്‍ 4 ശതമാനത്തിലധികം നഷ്്ടം നേരിട്ടു.

സാമ്പത്തിക സാഹചര്യം ഇന്ത്യയെ ബാധിച്ചേക്കും: ആര്‍.ബി.ഐ