നിങ്ങള്‍ എത്രകാലം ജീവിച്ചിരിക്കുമെന്നത് ഒരു ചെറിയ പരിശോധനയിലൂടെ അറിയാന്‍ കഴിഞ്ഞാലോ? ജീവിതകാലയളവിനെക്കുറിച്ച് ഏകദേശ ചിത്രം നല്‍കാന്‍ സഹായിക്കുന്ന ഒരു രക്തപരിശോധനകണ്ടുപിടിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞന്‍മാര്‍. രക്തത്തിലെ ഡി.എന്‍.എയാണ് പരിശോധിക്കുന്നത്.

വയസാകുന്നതുമായി ബന്ധപ്പെട്ടിട്ടുള്ള പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതിന് ഈ പരീക്ഷണം സഹായിക്കുമെന്നു ശാസ്ത്രജ്ഞന്‍ പറയുന്നു. അല്‍ഷൈമേഴ്‌സ് മുതല്‍ ക്യാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ ചികിത്സിക്കുന്നതിന് ഇതുസഹായിക്കുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ ടെക്‌നോളജിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍ പറയുന്നത് ഒരു വ്യക്തിയുടെ  പ്രായം വായിച്ചെടുക്കാന്‍ തങ്ങള്‍ക്കു കഴിഞ്ഞെന്നാണ്.

ടെലോറോമസ് എന്ന ക്രോമസോമിന്റെ ഘടനാ പരിശോധനയിലൂടെയാണ് ഇതു സാധ്യമാക്കുന്നത്. മനുഷ്യനും പ്രായമാകുന്നതിനുള്ള വേഗം കണക്കാക്കുന്നതില്‍ ഈ ക്രോമസോമിനു മുഖ്യപങ്കുണ്ടെന്നു ഗവേഷകര്‍ പറയുന്നു. സാധാരണ നീളമുള്ള ടെലോറസിനേക്കാള്‍ നീളം കുറഞ്ഞവയുള്ളവര്‍ വളരെച്ചെറുപ്പത്തില്‍ തന്നെ മരിക്കുന്നുണ്ടെന്നും ഇവര്‍ കണ്ടെത്തി. എന്നാല്‍, ജീവിത കാലയളവിനെക്കുറിച്ചുള്ള കൃത്യമായ വര്‍ഷമോ മാസമോ ഇതിലൂടെ കണ്ടെത്താനാകില്ല. അടുത്ത അഞ്ചോ പത്തോ വര്‍ഷത്തിനുള്ളില്‍ ഈ പരിശോധന വ്യാപകമാകുമെന്നും ഗവേഷകര്‍ പറയുന്നു. നീളം കൂടിയ ടെലോറസുള്ളവര്‍ കുറേക്കാലം ജീവിക്കുമെന്ന് ഉറപ്പിച്ചു പറയാനാവില്ലെന്നും ഇവര്‍ അറിയിച്ചു.

എന്നാല്‍ ഇത് പല പ്രശ്‌നങ്ങള്‍ക്കു വഴിവെക്കുമെന്ന് ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ടെസ്റ്റിന്റെ ഫലം മോശമാണെങ്കില്‍ അത് ആളുകളുടെ മാനസിക ആരോഗ്യത്തെ ബാധിക്കും. കൂടാതെ ഇന്‍ഷുറന്‍സ് കമ്പനികളും, മറ്റ് മരുന്നുകമ്പനികളോ സംഘടനകളോ ഇതു ചൂഷണം ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.