അകലങ്ങളിലുള്ള സുഹൃത്തുക്കളെ ബന്ധിപ്പിക്കുന്നതില്‍ ചരിത്രം സൃഷ്ടിച്ച സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ് ലോകമാണ് ഫേസ്ബുക്ക്. ദിവസംതോറും വികസിച്ചു കൊണ്ടിരിക്കുകയാണ് ഫേസ്ബുക്ക്. എതിരാളിയായ ഗൂഗിളിന്റെ ഗൂഗിള്‍ പ്ലസ്സിനെ മറികടക്കാനായി തത്സമയം ടെലിവിഷന്‍ കാണാനും സംഗീതം ആസ്വദിക്കാനും അവസരമൊരുക്കുന്ന വാര്‍ത്ത ഫേസ്ബുക്ക് പുറത്തുവിട്ടത് അടുത്തിടെയാണ്. ടിക്കര്‍, സബ്‌സ്‌ക്രൈബ്, ഓപണ്‍ഗ്രാഫ്, ടൈംലൈന്‍ എന്നീ പുതിയ സവിശേഷതകളും കൂടി അവതരിപ്പിച്ച് സോഷ്യല്‍ മീഡിയയുടെ എഴുതപ്പെട്ട സ്വഭാവം തന്നെ മാറ്റുകയാണ് ഫേസ്ബുക്ക്.

പുതുതായി അവതരിപ്പിച്ചതില്‍ ടൈംലൈന്‍ എന്ന സവിശേഷതയാണ് ആത്മപ്രകാശനത്തില്‍ വിപ്ലവം സൃഷ്ടിച്ച ബ്ലോഗുകളുടെ പ്രാധാന്യം കുറയ്ക്കുന്നത്. ടൈംലൈന്‍ സുഹൃത്തുക്കള്‍ക്ക് കാണിച്ചു കൊടുക്കുന്നത് നിങ്ങളുടെ വ്യക്തിത്വമാണ്. നിങ്ങളുടെ ജീവിതത്തിന്റെ ഡയറിക്കുറിപ്പുകളാകുകയാണ് ടൈംലൈന്‍ ലക്ഷ്യമിടുന്നത്. ഇത് ബ്ലോഗുകളുടെ പ്രാധാന്യം കുറയ്ക്കും എന്ന് മീഡിയ വിശകലനം ചെയ്യുന്നവര്‍ പറയുന്നു. ബ്ലോഗുകള്‍ വായിക്കുന്നവരുടെ എണ്ണം കുറയുന്നതായും ഫേസ്ബുക്കില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായും അടുത്തിടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നടന്ന സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു.

ട്വിറ്ററില്‍ നിന്നും ഗൂഗിള്‍ പ്ലസ്സില്‍ നിന്നും വ്യത്യസ്തമായി പ്രൈവറ്റ് മെസ്സേജുകളില്‍ ശ്രദ്ധയൂന്നി ജനങ്ങളുടെ ഓണ്‍ലൈന്‍ ഡെസ്റ്റിനേഷനായി മാറുകയാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം. ഉപയോക്താവിന്റെ ഓണ്‍ലൈന്‍ ജീവിതത്തിലെ പ്രധാന സംഭവവികാസങ്ങള്‍ വിശദമായും ഓട്ടോമാറ്റിക്കായും കാണാനും കേള്‍ക്കാനും വായിക്കാനും സാധിക്കുന്നതാണ് ടൈംലൈനിന്റെ കാതല്‍.

സ്പാം: നിങ്ങളുടെ സുഹൃത്തുക്കളുടെ ടൈംലൈന്‍ കണ്ട് പെട്ടന്ന് വിശ്വസിക്കാനൊന്നും പോയേക്കരുത്. കാരണം, ഇന്ത്യയില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നതില്‍ കഷ്ടിച്ച് പതിനഞ്ച് ശതമാനം ആളുകള്‍ മാത്രമെ തങ്ങളുടെ ശരിയായ വിവരം നല്‍കുന്നുള്ളൂ.