ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വിറ്ററില്‍ പ്രതിഷേധം. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ട്വിറ്ററില്‍ ആഹ്ലാദം പ്രകടിപ്പിച്ചവരെ മോദി ഫോളോ ചെയ്യുന്നതിനെതിരെയാണ് പ്രതിഷേധം. #ബ്ലോക്ക്‌നരേന്ദ്രമോദി എന്ന ഹാഷ്ടാഗിലാണ് പ്രതികരണം.

ഗൗരിലങ്കേഷിന്റെ കൊലപാതകത്തില്‍ ഇതുവരെ പ്രതികരിക്കുക പോലും ചെയ്യാത്ത പ്രധാനമന്ത്രി ഇപ്പോഴും ഈ അക്കൗണ്ടുകളെ ഫോളോ ചെയ്യുന്നുണ്ട്.

കൊലപാതകത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നവരെ വിമര്‍ശിച്ച് കൊണ്ട് കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തിയിരുന്നു. എന്നാല്‍ രവിശങ്കര്‍ പ്രസാദ് ഉള്‍പ്പടെയുള്ള കേന്ദ്രമന്ത്രിമാരും ഓണ്‍ലൈന്‍ ആക്രമണം നടത്തിയവരെ പിന്തുടരുന്നുണ്ട്.

പ്രധാനമന്ത്രി പിന്തുടരുന്ന 26 ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബലാത്സംഗങ്ങള്‍ക്കും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും ആഹ്വാനം നല്‍കുന്നതാണെന്ന് ഫെബ്രുവരിയില്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ തൃണമൂല്‍ എം.പി ഡെറിക് ഒബ്രേയിന്‍ പറഞ്ഞിരുന്നു.