Administrator
Administrator
ആശുപത്രികിടക്കയിലും മാതൃക പകര്‍ന്ന് നീസ യാത്രയായി…
Administrator
Monday 5th March 2012 10:08am

 

‘മിഴിനീര്‍ കുടംനിറഞ്ഞ് പൊട്ടി

കുലംകുത്തിയപ്പോള്‍

അവള്‍ പ്രതീക്ഷിച്ചിരുന്നില്ല

ആ പ്രവാഹത്തില്‍

താനും ഒലിച്ചുപോകുമെന്ന്……’

എഴുത്തിനെ സ്‌നേഹിയ്ക്കുന്ന ഒരു നാട്ടുമ്പുറത്തുകാരി.. നീസ വെള്ളൂര്‍ എന്ന റഹ്മത്തുനീസ ‘നിലാമഴകള്‍’ എന്ന തന്റെ ബ്ലോഗില്‍ തന്നെ പരിചയപെടുത്തുന്നത് ഇങ്ങനെയാണ്. എഴുതി പൂര്‍ത്തിയാവാത്ത കവിത പോലെ അവള്‍ എന്നെന്നേക്കുമായി യാത്രയായി…

പതിനഞ്ചു വര്‍ഷത്തെ കൊച്ചു ജീവിതത്തിനിടെ ഒട്ടനവധി കവിതകളും കഥകളും രചിച്ച ആ കൊച്ചു കലാകാരി ഒടുവില്‍ തന്നെ കാര്‍ന്നുതിന്നുകയായിരുന്ന രക്താര്‍ബുദത്തിന് കീഴടങ്ങി. മരണത്തിന് ദിവസങ്ങള്‍ മുന്‍പും അടുത്ത കട്ടിലിലെ നിരാലംബയായ അര്‍ബുദരോഗിക്കു രക്തം എര്‍പ്പാടാക്കി കൊടുത്ത് അവള്‍ കാരുണ്യത്തിന്റെ പ്രതീകമായി.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വേദന സഹിക്കാനാവാതെ കിടക്കുമ്പോഴും അവളെ വിഷമിപ്പിച്ചത് രക്തം വാങ്ങാന്‍ പണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്ന അര്‍ബുദരോഗിയായിരുന്നു. ബ്ലോഗിലൂടെ പരിചയപ്പെട്ട കോഴിക്കോട് ഗവ. എന്‍ജിനിയറിങ് കോളേജിലെ കംപ്യൂട്ടര്‍ പ്രോഗ്രാമറും എന്‍.എസ്.എസ് കോ-ഓര്‍ഡിനേറ്ററുമായ അബിദ് തറവട്ടത്തിനെ വിളിച്ച് നിസ കാര്യം പറഞ്ഞു. രക്തം വേണമെന്ന് നീസ പറഞ്ഞപ്പോള്‍ പതിവുപോലെ അവള്‍ക്കുവേണ്ടിയായിരിക്കും എന്നാണ് ആബിദ് കരുതിയത്.

എന്നാല്‍ അടുത്ത കട്ടിലിലെ ഇത്താത്തയ്ക്കുവേണ്ടിയാണെന്നും അവരുടെ കൈവശം പണമോ സഹായിക്കാന്‍ ബന്ധുക്കളോ ഇല്ലെന്നും നീസ ഫോണില്‍ രഹസ്യംപോലെ പറയുന്നത് കേട്ട് കണ്ണുനിറഞ്ഞുപോയെന്ന് ആബിദ് ഓര്‍ക്കുന്നു.

ബ്ലഡ് ബാങ്കുമായി ബന്ധപ്പെട്ട് ഉടന്‍തന്നെ അവര്‍ക്കാവശ്യമുള്ളത്ര രക്തം ഏര്‍പ്പാടാക്കി. ദിവസങ്ങള്‍ കഴിഞ്ഞില്ല, കഴിഞ്ഞ 12ന് റഹ്മത്തുന്നീസ മരണത്തിനു കീഴടങ്ങി.

മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരിനടുത്തുള്ള വെള്ളൂര്‍ പാലേങ്ങര അബ്ദുസലാമിന്റെയും സൈനബയുടെയും മകളായ റഹ്മത്തുന്നീസ പൂക്കോട്ടൂര്‍ പി.കെ.എം.സി സ്‌കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ് ‘വിരഹബാഷ്പം’ എന്ന കവിതാപുസ്തകം പ്രസിദ്ധീകരിച്ചത്. 30 കവിതകളുടെ സമാഹാരമായിരുന്നു അത്. തുടര്‍ന്ന് ബ്ലോഗിലൂടെയും പുസ്തകങ്ങളിലൂടെയും പുറത്തിറക്കിയ കവിതകള്‍ അവളെ രചനയുടെ ലോകത്ത് ശ്രദ്ധേയയാക്കി. ‘സമര്‍പ്പണം’, ‘വിരഹബാഷ്പം’, ‘ഹിമപ്രഭാതം’, ‘പ്രയാണം’ എന്നീ കവിതകളും എറെ അകര്‍ഷിക്കപെട്ടു.

കഴിഞ്ഞ വര്‍ഷം തിരൂരില്‍ വച്ചു നടന്ന ബ്ലോഗര്‍മാരുടെ കൂട്ടായ്മയില്‍ പങ്കെടുത്ത റഹ്മത്തുനീസ എല്ലാവര്‍ക്കും വിസ്മയമായി. വിവിധ പ്രായത്തിലുള്ള ഒട്ടനവധി സുഹൃത്ബന്ധങ്ങള്‍ നേടിയാണ് അന്നവള്‍ മടങ്ങിയത്. ആ ബന്ധങ്ങള്‍ അവസാനനിമിഷങ്ങള്‍ വരെ നിലനിര്‍ത്താനും അവള്‍ക്ക് സാധിച്ചു.

രക്താര്‍ബുദത്തിന്റെ കടുത്ത വേദനക്കിടയിലും അവള്‍ക്ക് സാന്ത്വനമായത് ബ്ലോഗിലൂടെ നേടിയ സുഹൃത്തുക്കളായിരുന്നു. അവള്‍ക്ക് രക്തം ആവശ്യം വന്നപ്പോളൊക്കെ അവര്‍ ഓടിയെത്തി. ഒടുവില്‍ അടുത്ത കട്ടിലിലെ നിരാലംബയായ അര്‍ഭുദരോഗിക്കു രക്തം എര്‍പ്പാടാക്കി കൊടുക്കുവാനും അവള്‍ ആശ്രയിച്ചത് ബ്ലോഗിലൂടെ പരിചയപ്പെട്ടയാളെ.

കുറഞ്ഞ ജീവിതകാലയളവിനിടെയില്‍ സ്‌േനഹവും കരുണയും പ്രതിക്ഷയും നിറഞ്ഞ ഒരുപാട് കവിതകള്‍ സമ്മാനിച്ച റഹ്മത്തുനീസ മാനുഷികമൂല്യത്തിന്റെ മാതൃകയായാണ് നമ്മെ വിട്ടു പോയത്.

 നീസയുടെ  ബ്ലോഗിലേക്ക് പോകാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക 

Malayalam news

Kerala news in English

Advertisement