അഭിനയിച്ച പത്ത് മികച്ച സിനിമകളിലൊന്ന് എന്നാണ് പ്രണയത്തെ അനുപം ഖേര്‍ വിശേഷിപ്പിച്ചത്. പ്രണയകഥ പറഞ്ഞ മലയാള ചിത്രങ്ങളില്‍ ഏറ്റവും മികച്ചത് എന്ന് പ്രണയത്തെ പ്രേക്ഷകരും വിലയിരുത്തി കഴിഞ്ഞു. പ്രണയം ഇനിയും മുന്നോട്ടുപോകുകയാണ്. മലയാളി പ്രേക്ഷകരെയും കടന്ന് ബോളിവുഡിലേക്ക്.

അതെ പ്രണയം ഹിന്ദിയിലെടുക്കുന്നു. ചിത്രം ബോളിവുഡിലൊരുക്കുന്നതായി സംവിധായകന്‍ ബ്ലസി തന്നെയാണ് അറിയിച്ചത്. ‘ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മറ്റൊരു ഭാഷയില്‍ സംവിധാനം ചെയ്യണമെന്ന് ആദ്യമായി ഒരു തോന്നലുണ്ടാകുന്നത് ഇപ്പോഴാണ്. ചിത്രത്തിലെ കാസ്റ്റിംഗ് ഒക്കെ നന്നായി വരണം. അമിതാഭ് ബച്ചനെയാണ് മാത്യൂസായി പരിഗണിക്കുന്നത്. അത് സാധ്യമായാല്‍ ഏറ്റവുമധികം ആഹ്ലാദിക്കുന്നത് ഞാന്‍ ആയിരിക്കും.’ ഒരു പ്രമുഖ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ബ്ലെസി വ്യക്തമാക്കി.

പ്രണയത്തില്‍ ഗ്രേസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജയപ്രദയാണ് ഈ സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനുള്ള ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ജയപ്രദയ്ക്ക് പൂര്‍ണ പിന്തുണയുമായി അനുപംഖേറും രംഗത്തുണ്ട്. മോഹന്‍ലാലിന് പകരക്കാരനായ ഒരു നടനെ കണ്ടെത്തുക എന്നതായിരുന്നു ബ്ലെസിക്കുമുമ്പിലുള്ള പ്രധാന വെല്ലുവിളി. അമിതാഭ് ബച്ചനെ പരിഗണിക്കുന്നത് അങ്ങനെയാണ്.

‘പ്രണയം ഹിറ്റായതില്‍ സന്തോഷമുണ്ട്. പക്വതയുള്ള കാണികള്‍ ഉണ്ടാകുന്നത് ആഹ്ലാദമുണ്ടാക്കുന്ന കാര്യമാണ്. തിയേറ്ററില്‍ പോയി സിനിമ കാണുന്നതൊക്കെ നിര്‍ത്തി വീടുകളില്‍ ഒതുങ്ങിക്കഴിയുന്ന വൃദ്ധജനങ്ങള്‍ പോലും പ്രണയം കാണാന്‍ തിയേറ്ററുകളിലെത്തുന്നു.’ ബ്ലെസി തന്റെ മനസിലെ ആനന്ദം പങ്കുവച്ചു. പ്രണയത്തിന്റെ പ്രചാരണത്തിരക്കുകള്‍ അവസാനിക്കുമ്പോള്‍ ഹിന്ദി റീമേക്കിന്റെ രചനാജോലികള്‍ ബ്ലെസി ആരംഭിക്കും.

മലയാള സിനിമയുടെ കെട്ട പതിവുകളില്‍ നിന്നു മാറി വിടര്‍ന്ന ഒന്നായിരുന്നു പ്രണയം. നിരാശയുടെയും വിരഹത്തിന്റെയും അശാന്തമായ വേലിയേറ്റങ്ങള്‍ ഉള്ളില്‍ സൂക്ഷിക്കുമ്പോഴും, മനസിനെ തൊട്ടുണര്‍ത്തുന്ന തിരയിളക്കമാകാന്‍ കഴിയുന്ന കടലാണ് പ്രണയമെന്ന് അച്യുതമേനോനിലൂടെയും അയാള്‍ക്കു ചുറ്റുമുള്ള കഥാപാത്രങ്ങളിലൂടെയും ബ്ലെസി തെളിയിച്ചുതന്നു. നാടും, ഭാഷയും, സംസ്‌കാരവുമൊന്നും സ്വാധീനിക്കാത്ത പ്രണയം ബോളിവുഡും നെഞ്ചിലേറ്റുമെന്ന കാര്യത്തില്‍ സംശയമില്ല.