കോഴിക്കോട്: താരമൂല്യം നോക്കാതെ സിനിമയെടുത്താലെ മലയാള സിനിമയ്ക്ക് ഇനി രക്ഷയുള്ളുവെന്ന് സംവിധായകന്‍ ബ്ലെസ്സി. കോഴിക്കോട് പ്രസ്‌ക്ലബിന്റെ മുഖാമുഖത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങിനെ പറഞ്ഞത്. ഇതിനുളള തുടക്കമാണ് തന്റെ സിനിമയായ പ്രണയമെന്നും അദ്ദേഹം പറഞ്ഞു.

വ്യത്യസ്തതയുള്ള പ്രമേയങ്ങള്‍ കൊണ്ടുവന്നാലെ മലയാള സിനിമകള്‍ വിജയിക്കുകയുള്ളു. പുതിയ പ്രമേയങ്ങളൊന്നും ലഭിച്ചില്ലെങ്കില്‍ ഈ പണി നിര്‍ത്തും.സൂപ്പര്‍താരത്തെ ആദ്യഅവസാനം നിറഞ്ഞഭിനയിപ്പിച്ചതുകൊണ്ട് മലയാള സിനിമ രക്ഷപെടുകയില്ല. ഇത്തരത്തിലുള്ള സിനിമകള്‍ വന്നാല്‍ തീയേറ്ററുകള്‍ക്ക് നഷ്ടപ്പെട്ട കാണികളെ തിരിച്ചുകൊണ്ടുവരാനാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രണയത്തില്‍ അനുപംഖേറിന്റെയും ജയപ്രഭയുടെയും മോഹന്‍ലാലിന്റെയും താരമുല്യം പ്രശ്‌നമായിരുന്നില്ല. കഥാപാത്രത്തെ ഉള്‍ക്കൊണ്ട് മൂവര്‍ക്കും അഭിനയിക്കാനായതാണ്് സിനിമയുടെ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആടുജീവിതം സിനിമയാക്കുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിച്ചുവരികയാണ്. ഇത്തരത്തിലൊരു വിഷയം സ്‌ക്രീനില്‍ അവതരിപ്പിക്കുകയെന്നത് ശ്രമകരമായ ജോലിയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. മുഖാമുഖത്തിനു ശേഷം പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഡോ.എം.കെ മുനീര്‍ ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിച്ച പ്രണയത്തിന്റെ തിരക്കഥ പ്രകാശനം ചെയ്തു.