Categories

ബ്ലാറ്ററുടെ മാപ്പ് പറച്ചില്‍: സ്വാഗതം ചെയ്യുന്നുവെന്ന് ആഞ്ചെലോട്ടി

Ancelotti

മാഡ്രിഡ്: റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരേ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ഫിഫ പ്രസിഡന്റ് സെപ്പ് ബ്ലാറ്റര്‍ മാപ്പ് പറഞ്ഞു.

റയല്‍ മാഡ്രിഡ് കോച്ച് കാര്‍ലോ ആഞ്ചെലോട്ടി ഇത് സ്വാഗതം ചെയ്തു. ഭാവിയില്‍ ആരെക്കുറിച്ചെങ്കിലും സംസാരിക്കുന്നതിന് മുമ്പ് ഫിഫ പ്രസിഡന്റ് നന്നായി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബ്ലാറ്റര്‍ റൊണാള്‍ഡോയെ കമാന്‍ഡറിനോട് ഉപമിച്ച് സംസാരിച്ചത് റൊണാള്‍ഡോയെയും മാഡ്രിഡിനെയും കോപാകുലരാക്കിയിരുന്നു.

അതോ സമയം തന്നെ നാലുവട്ടം വേള്‍ഡ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ട് ലയണല്‍ മെസ്സിയാണ് തന്റെ ഇഷ്ടതാരമെന്നും ബ്ലാറ്റര്‍ പറഞ്ഞിരുന്നു.

കഴിഞ്ഞയാഴ്ച ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികളോട് സംസാരിക്കുമ്പോഴായിരുന്നു ഈ വിവാദപരാമര്‍ശങ്ങള്‍.

മാഡ്രിഡും പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷനും ഫിഫയ്ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ബ്ലാറ്റര്‍ മാപ്പ് പറഞ്ഞത്. അതുല്യകളിക്കാരനായ റൊണാള്‍ഡോയ്ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ മാപ്പ് ചോദിക്കുന്നു എന്നായിരുന്നു പറഞ്ഞത്.

‘അതെന്നെ അത്ഭുതപ്പെടുത്തി. ക്രിസ്റ്റ്യാനോ വളരെ പ്രൊഫഷണലാണ്. അദ്ദേഹം പൂര്‍ണസമര്‍പ്പണം ഉള്ളയാളാണ്. എനിക്ക് മറ്റൊന്നും പറയാനില്ല.’ ആഞ്ചെലോട്ടി  പറഞ്ഞു.

‘പ്രശ്‌നങ്ങള്‍ സംഭവിച്ച് കഴിഞ്ഞു. ഉത്തരങ്ങളെല്ലാം നല്ലത് തന്നെ, പക്ഷേ സംഭവിക്കാനുള്ളത് സംഭവിച്ച കഴിഞ്ഞു. പലപ്പോഴും സംസാരിക്കുന്നതിന് മുമ്പ് ആലോചിക്കുന്നതും പത്ത് വരെ എണ്ണുന്നതും വളരെ നല്ലതാണ്. ഞാന്‍ പലപ്പോഴും അങ്ങനെയാണ്.’

റൊണാള്‍ഡോ കളത്തിലാണ് മറുപടി നല്‍കിയത്.ബുധനാഴ്ച സെവില്ലയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഹാട്രിക് ഗോളുകളാണ് നേടിയത്.

ബ്ലാറ്ററുടെ കമന്റിനുള്ള മറുപടിയായി ആദ്യ ഗോളിന് ശേഷം ഒരു മിലിട്ടറി സല്യൂട്ടുമടിച്ചു.

Tagged with: