ദല്‍ഹിയില്‍ ഹൈക്കോടതി വളപ്പിന് സമീപം സ്‌ഫോടനം. സ്‌ഫോടനത്തില്‍ 11 പേര്‍ മരിച്ചതായും 65പേര്‍ക്ക് പരിക്കേറ്റതായും കേന്ദ്ര ആഭ്യന്തരമന്ത്രി ആര്‍.കെ സിംങ് പറഞ്ഞു. പരിക്കേറ്റവരെ ദല്‍ഹി സഫ്ദര്‍ജംങ് ആശുപത്രിയിലും ആര്‍.എം.എല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 10.17നാണ് സ്‌ഫോടനം നടന്നത്. ഷേര്‍ഷാ സൂരി റോഡിലുള്ള അഞ്ചാം നമ്പര്‍ ഗേറ്റില്‍ കോടതി സ്ഥിതി ചെയ്യുന്ന കോംപ്ലക്‌സിലേയ്ക്ക് പ്രവേശിക്കാനുള്ള പാസ്സിനായി 200 ഓളം പേര്‍ ക്യൂ നില്‍ക്കുന്നുണ്ടായിരുന്നു. റിസപ്ഷന് തൊട്ടടുത്തായിരുന്നു സ്‌ഫോടനം. പ്രദേശം ദല്‍ഹി പോലീസിന്റെ നിയന്ത്രണത്തിലാണ്.

ഒരു സ്‌ഫോടനമേ നടന്നിട്ടുള്ളൂവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഉഗ്രശബ്ദത്തോടുകൂടിയായിരുന്നു സ്‌ഫോടനമെന്നും അവര്‍ പറയുന്നു. രാവിലെ 10.30ന് കോടതി നടപടികള്‍ ആരംഭിക്കാനിരിക്കെയായിരുന്നു സ്‌ഫോടനം.

ദല്‍ഹി പോലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ദല്‍ഹി സ്‌പെഷല്‍ കമ്മീഷണര്‍ ധര്‍മേന്ദ്ര കുമാര്‍, സ്‌പെഷല്‍ സെല്‍ ജോയിന്റ് കമ്മീഷണര്‍ ആര്‍.എസ് കൃഷ്ണയ്യ എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

ദല്‍ഹി ഹൈക്കോടതിയില്‍ ഏറ്റവും തിരക്കേറിയ കവാടമാണ് അഞ്ചാം നമ്പര്‍ ഗേറ്റ്. ഇതുവഴിയാണ് അഭിഭാഷകരേയും സന്ദര്‍ശകരേയും കടത്തിവിടുന്നത്. ഇതിനു സമീപമാണ് സന്ദര്‍ശകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇവിടെയാണ് സ്‌ഫോടനമുണ്ടായത്.

ഈ വര്‍ഷം മെയ് 25ന് ദല്‍ഹി ഹൈക്കോടതിയുടെ ഏഴാം നമ്പര്‍ ഗേറ്റിന് സമീപം സ്‌ഫോടനം നടന്നിരുന്നു. കോടതിക്കു പുറത്ത് നിര്‍ത്തിയിട്ട കാറിന് മുകളില്‍ വച്ച സ്‌ഫോടനവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. ഇതുസംബന്ധിച്ച അന്വേഷണങ്ങള്‍ പുരോഗമിക്കവെയാണ് വീണ്ടും സ്‌ഫോടനമുണ്ടായിരിക്കുന്നത്.