തൃശൂര്‍ : തൃശൂര്‍ അത്താണി ആനപ്പെരുവഴിയിലെ പടക്കശാലയില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ആറുപേര്‍ മരിച്ചു. അത്താണി എലുവത്തിങ്കല്‍ വഞ്ചേരി ചെമ്പന്‍ ദേവസിയുടെ മകനും വെടിക്കെട്ട് നിര്‍മാണശാലയുടെ ലൈസന്‍സിയുമായ ജോഫി (33), പണിക്കാരായ വടക്കേക്കാട് പുന്നയൂര്‍ക്കുളം കഴുങ്കല്‍ വീട്ടില്‍ വാസു (45), വെണ്ണൂര്‍ തോട്ടുങ്കല്‍ വീട്ടില്‍ രാധാകൃഷ്ണന്‍ (52), വെണ്ണൂര്‍ പ്രാണങ്കാട്ടില്‍ അനില്‍ (24), ബീഹാര്‍ സ്വദേശി ബബ്ലു (35),  വെണ്ണൂര്‍ കിഴക്കേതില്‍  ഇല്ലിക്കല്‍ സജീഷ് (23) എന്നിവരാണ് മരിച്ചത്.

പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നവര്‍: ബീഹാര്‍ സ്വദേശി മുകേഷ് (22), വെണ്ണൂര്‍ സ്വദേശി വിജയന്‍ (45), ജോഫിയുടെ പിതാവ് ദേവസി (65), ചേലക്കര ചുനക്കല്‍ വീട്ടില്‍  ജയന്‍ (40), പാലക്കാട് ജില്ലയിലെ പശുവഞ്ചേരി കളവഞ്ചേരി കല്ലിപ്പറമ്പ് വീട്ടില്‍ മാധവന്‍ (52), നെന്മാറ കണ്ണമ്പാറ പഴനിമല (52), മാത്തന്‍പാറ കണ്ണുവങ്കല്‍ വീട്ടില്‍ പ്രസാദ് (32). ബീഹാര്‍ സ്വദേശികളായ ദിനേഷ്, സുന്ദര്‍, ഛോട്ടാമഹന്ത് എന്നിവരാണ് സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടത്.

സ്‌ഫോടനം നടക്കുമ്പോള്‍ പതിനഞ്ച് തൊഴിലാളികളാണ് ഇവിപടക്കശാലയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 10 പേരാണ് സംഭവസമയത്ത് ശാലയില്‍ ഉണ്ടായിരുന്നത്. രണ്ടുപേര്‍ ഷെഡിന് തൊട്ടുപുറത്തായിരുന്നു. മൂന്നുപേര്‍ 100 മീറ്റര്‍ മുകളിലായിരുന്നു.

ചെമ്പന്‍ ദേവസ്യയുടെ കീഴിലുള്ള വെടിക്കെട്ടു നിര്‍മ്മാണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. രാവിലെ 10 മണിയോടെ പൊട്ടിത്തെറിയുടെ ശബ്ദംകേട്ട് ഓടിയടുത്തവര്‍ക്ക് തുടരെ പൊട്ടിത്തെറികള്‍ ഉണ്ടായതിനാല്‍ അടുത്തേക്ക് ചെല്ലാന്‍ കഴിഞ്ഞില്ല. കുന്നിന്‍മുകളിലേക്കുള്ള ദുര്‍ഘടമായ റോഡും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് തടസ്സമായി.

പൊട്ടിത്തെറിയില്‍ സമീപത്തെ മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Malayalam News

Kerala News In English