വിരുധുനഗര്‍: തമിഴ്നാട്ടിലെ ശിവകാശിയിലുള്ള പടക്കനിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ ഒരു സ്ത്രീയുള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സാട്ടൂരിലുള്ള നാഗമല്ലി ഫയര്‍വര്‍ക്ക്സ് എന്ന പടക്കനിര്‍മ്മാണശാലയിലാണ് സ്ഫോടനമുണ്ടായത്.

ശക്തിഷണ്‍മുഖന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് നാഗമല്ലി ഫയര്‍വര്‍ക്ക്സ്. വിരുധുനഗര്‍ ജില്ലയിലെ ശിവകാശി താലൂക്കിലെ മണിനഗര്‍ നിവാസിയാണ് ഇദ്ദേഹം. സ്ഥാപനത്തിന് പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസിവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ ലൈസന്‍സ് ഉണ്ടെന്നാണ് അറിയുന്നത്.

15 ഷെഡുകളിലായി എഴുപതോളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഷണ്‍മുഖവേല്‍ എന്ന തൊഴിലാളി പടക്ക നിര്‍മ്മാണത്തിനാവശ്യമായ രാസവസ്തുക്കള്‍ കൂട്ടിക്കലര്‍ത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. ഷണ്‍മുഖവേല്‍ (40) സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.


Must Read: വോട്ടിങ് യന്ത്രം കുറ്റമറ്റതല്ലെന്ന് സുപ്രീം കോടതിയും സ്ഥിരീകരിച്ചിരുന്നു: യന്ത്രങ്ങള്‍ക്കൊപ്പം പേപ്പര്‍ ട്രയലും വേണമെന്ന് ഉത്തരവിട്ടത് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജിയില്‍


ആദ്യസ്ഫോടനത്തെ തുടര്‍ന്ന് പടക്കങ്ങള്‍ സൂക്ഷിച്ച മുറിയിലേക്ക് തീ പടര്‍ന്നതോടെയാണ് രണ്ടാമതും സ്ഫോടനമുണ്ടായി. ഇതിലാണ് മറ്റ് നാല് പേര്‍ കൊല്ലപ്പെട്ടത്. പോള്‍രാജ് (45), മുരുകസ്വാമി (21), കലാറാണി (38), വിജയ (35) എന്നിവരാണ് കൊല്ലപ്പെട്ടത്.

അഗ്‌നിശമനസേനയുടെ യൂണിറ്റ് എത്തിയാണ് തീ അണച്ചത്. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. പടക്ക നിര്‍മ്മാണശാലയുടെ ഉടമസ്ഥരാണ് ഇത് നല്‍കുക.