ഇസ്‌ലാമാബാദ്: പാക്കിസ്ഥാാനിലെ പെഷവാറില്‍ സൂഫി മഖാം തീവ്രവാദികള്‍ ബോംബുവെച്ച് തകര്‍ത്തു. ആക്രമണത്തില്‍ ആര്‍ക്കും അപകടം പറ്റിയതായി റിപ്പോര്‍ട്ടുകളില്ല.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെഷവാറിലുണ്ടാകുന്ന മൂന്നാമത്തെ തീവ്രവാദി ആക്രമണമാണിത്. ചംകാനിയിലെ പന്ധു ബാബ മഖാമാണ് ശക്തമായ ബോംബ്‌സ്‌ഫോടനത്തില്‍ തകര്‍ന്നത്.

Ads By Google

ബോംബ് സ്‌ഫോടനത്തില്‍ മഖാം പൂര്‍ണമായും തകര്‍ന്നനിലയിലാണ്. പ്രാര്‍ത്ഥനയ്ക്കായി ആളുകള്‍ എത്താതിരുന്നത സമയത്തായിരുന്നു ആക്രമണം. അതുകൊണ്ട് തന്നെ ആര്‍ക്കും ജീവഹാനി സംഭവിച്ചില്ല.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. താലിബാന്‍ ഉള്‍പ്പെടെയുള്ള തീവ്രവാദസംഘടനകള്‍ ഇത്തരം ആരാധനാലയങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത് ഇസ്‌ലാം വിരുദ്ധമാണെന്നാണ് കരുതുന്നത്.

ചംകാനി ഗ്രാമത്തിലെതന്നെ മിയാന്‍ ഉമര്‍ബാബ സൂഫി ആരാധനാലയത്തില്‍ സ്ഥാപിച്ച ബോംബ് പോലീസെത്തി നിര്‍വീര്യമാക്കി.

ഒക്ടോബര്‍ 28ന് ശേഷം പെഷവാര്‍, നൗഷേര എന്നിവിടങ്ങളിലെ മഖാമുകള്‍ തീവ്രവാദികള്‍ തകര്‍ത്തിരുന്നു. നൗഷേരയിലെ കാക സാഹിബ് ആരാധനാലയത്തിലുണ്ടായ സ്‌ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെടുകയും ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ നൗഷേരയിലെ ഗ്രാന്‍ഡ് ട്രങ്ക്‌റോഡ് ഉപരോധിച്ചു.