കറാച്ചി: കറാച്ചിയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ വസതിക്ക് പുറത്തുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ എട്ടു പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. നിരവധി പേര്‍ക്കു പരുക്കേറ്റു. സ്‌ഫോടനവസ്തുക്കള്‍ നിറച്ച വാഹനം പോലീസ് ഓഫീസറുടെ വസതിയിലേക്ക് ഇടിച്ചുകയറ്റാനുള്ള ശ്രമത്തിനിടെയാണ് സ്‌ഫോടനം നടന്നത്.

ക്രൈം ഇന്‍വസ്റ്റിഗേഷന്‍ സീനിയര്‍ എസ്.പി ചൗധരി അസ്‌ലമിന്റെ വസതിയെ ലക്ഷ്യംവെച്ച് രാവിലെ 7.30നാണ് സ്‌ഫോടനമുണ്ടായത്. കറാച്ചിയിലെ ഡിഫന്‍സ് ഹൗസിങ് അതോറിട്ടിയുടെ കീഴിലുളള ജനവാസ പ്രദേശത്തെ വസതിയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ആറടിയോളം ആഴത്തിലുള്ള കുഴി രൂപപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പരിസരത്തെ നിരവധി വീടുകളിലെ ചില്ലുകളും സ്‌ഫോടനത്തില്‍ തകര്‍ന്നു.

ചാവേര്‍ സ്‌ഫോടനത്തില്‍ നിന്നും അസ്‌ലം രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ സുരക്ഷാ ഭടന്മാര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. താലിബാനും ഇതര തീവ്രവാദ സംഘടനകള്‍ക്കുമെതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പാക്കിസ്ഥാന്‍ പൊലീസിലെ ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റിലെ ഉന്നത ഉദ്യോഗസ്ഥനാണ് അസ്‌ലം. പ്രാദേശിക ടെലിവിഷന്‍ ചാനലില്‍ പ്രത്യക്ഷപ്പെട്ട അസ്‌ലം സ്‌ഫോടനത്തിനു പിന്നില്‍ തെഹ്‌രിക് ഇ താലിബാനാണെന്ന് ആരോപിച്ചു.