ഹൂബ്ലി: ബാംഗ്ലൂര്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന സ്‌ഫോടനത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന നാല് ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരെ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്തു.

Ads By Google

Subscribe Us:

എന്നാല്‍ കസ്റ്റഡിയിലെടുത്തവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവരെ ചോദ്യം ചെയ്ത് കഴിഞ്ഞതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുകയുള്ളു എന്നാണ് അറിയാന്‍ കഴിഞ്ഞത്.

2010 ഏപ്രിലിലായിരുന്നു സംഭവം. ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ – മുംബൈ മത്സരം നടക്കുന്നതിനു തൊട്ട് മുന്‍പാണ് സ്‌റ്റേഡിയത്തിന് പുറത്ത് രണ്ട് സ്‌ഫോടനങ്ങളുണ്ടായത്. ഒരു സ്‌ഫോടനത്തില്‍ 17 പേര്‍ക്ക് പരുക്കേറ്റിരുന്നു.

ആദ്യ ദിവസം ഒരു ടൈംബോംബും പിറ്റേന്ന് രണ്ടെണ്ണവും പൊലീസ് കണ്ടെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് ബാംഗ്ലൂരില്‍ നടക്കാനിരുന്ന ഐ.പി.എല്‍ സെമിഫൈനല്‍ മത്സരങ്ങള്‍ നവി മുംബൈയിലേക്കു മാറ്റിയത്.

അമോണിയം നൈട്രേറ്റും എഞ്ചിന്‍ ഓയിലും ബോള്‍ ബെയറിങ്ങുകളും ചേര്‍ന്നുള്ള ബോംബ് തയാറാക്കുന്ന രീതി ഇന്ത്യന്‍ മുജാഹിദീന്റേതാണ്. 2005 -09 കാലയളവില്‍ നടന്ന വിവിധ സ്‌ഫോടനങ്ങളില്‍ ഇത്തരം സ്‌ഫോടകസാമഗ്രികളാണ് ഉപയോഗിച്ചിരുന്നത്.

ഇന്ത്യന്‍ മുജാഹിദീന്‍ ശൈലിയിലുള്ളതാണ് ഇരു സ്‌ഫോടനങ്ങളുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്ന് തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.