ഗുവാഹത്തി: അസമിലെ കോണ്‍ഗ്രസ് ആസ്ഥാനത്തുണ്ടായ ഗ്രനേഡ് സ്‌ഫോടനത്തില്‍ അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്. കോണ്‍ഗ്രസ് വക്താവ് മെഹ്ദി അലം ബോറ, സംസ്ഥാന ജനറല്‍ സെക്രട്ടറി രഞ്ജന്‍ ബോറ എന്നിവര്‍ പരിക്കേറ്റവരില്‍പെടുന്നു.

ഗുവാഹത്തിയിലെ രാജീവ് ഭവനില്‍ ഇന്നലെ വൈകിട്ട് 6.50നാണ് സ്‌ഫോടനം നടന്നത്. ഉള്‍ഫയുടെ വിമതഘടകം മേധാവി പരേഷ് ബറുവ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.തരുണ്‍ നഗര്‍ മേഖലയിലെ പാര്‍ട്ടി ആസ്ഥാനത്ത് ഒട്ടേറെപ്പേരുണ്ടായിരുന്ന സമയത്താണു ശക്തമായ സ്‌ഫോടനം. മന്ദിരത്തിന്റെ ജനാലച്ചില്ലുകള്‍ തകര്‍ന്നു. ഉപകരണങ്ങള്‍ക്കും കേടുപാടുപറ്റി. പരുക്കേറ്റവരെ ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കെട്ടിടത്തിലെ ചവറ്റുകുട്ടയില്‍ വച്ചിരുന്ന ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു. വിദൂരനിയന്ത്രണ സംവിധാനം ഉപയോഗിച്ചാണ് ഗ്രനേഡ് പ്രവര്‍ത്തിപ്പിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഏപ്രില്‍ നാല്, 11 തീയതികളില്‍ രണ്ടു ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെതിരെ ആക്രമണം നടത്തുമെന്നും ഉള്‍ഫ വിമതഗ്രൂപ്പിന്റെ ഭീഷണിയുണ്ടെന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് പറഞ്ഞതിനു പിന്നാലെയാണു സ്‌ഫോടനം.നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ ഉള്‍ഫയുടെ മിക്ക നേതാക്കളും കീഴടങ്ങി ചര്‍ച്ചയ്ക്കു തയാറായതോടെ അസമില്‍ അക്രമങ്ങളും സ്‌ഫോടനങ്ങളും കുറഞ്ഞിരുന്നു. എന്നാല്‍, ഉള്‍ഫയുടെ സൈനിക കമാന്‍ഡര്‍ പരേഷ് ബറുവ ഒത്തുതീര്‍പ്പിന് ഒരുക്കമല്ലെന്നും സായുധസമരം തുടരുമെന്നും പ്രഖ്യാപിച്ച് ഒളിയാക്രമണങ്ങള്‍ക്കു നേതൃത്വം നല്‍കുകയാണ്.

അതേസമയം, കൊക്രാജിഹറില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന ബസ്സിന് നേരെയുണ്ടായ ചാവേറാക്രമണത്തില്‍ എട്ട് ബി.എസ്.എഫുകാര്‍ മരിച്ചു. ബോഡോലാന്‍ഡ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നില്‍.