ആഗ്ര: ആഗ്രയിലെ ജയ് ആശുപത്രിയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ യു.പി പോലീസും തീവ്രവാദവിരുദ്ധവിഭാഗവും ചോദ്യം ചെയ്തുവരികയാണ്.

താജ്മഹലിന് മൂന്ന് കി. മീ.മാത്രം അകലെയുള്ള ആശുപത്രിയുടെ റിസപ്ഷനില്‍ ഇന്നലെ വൈകീട്ട് ആറുമണിക്കുണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ക്ക് പരുക്കേറ്റിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇവരെ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതിനിടെ, സ്‌ഫോടനം ഭീകരാക്രമണമാണോ എന്ന് ഉടന്‍ പറയാനാവില്ലെന്ന് ആഗ്ര റേഞ്ച് ഐ.ജി. പി.കെ. തിവാരി പറഞ്ഞു. ബാഗിലാക്കിവെച്ചിരുന്ന നാടന്‍ ബോംബാണ് പൊട്ടിയതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.

ശനിയാഴ്ച വൈകിട്ട് 5.15നാണ് സേ്ഫാടനം നടന്നത്. ഈ സമയത്ത് റിസപ്ഷനില്‍ പതിനഞ്ചോളം പേരുണ്ടായിരുന്നു. സേ്ഫാടനത്തെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന ജനങ്ങളെല്ലാം പരിഭ്രാന്തരായി.

സ്‌ഫോടനത്തെ തുടര്‍ന്ന് താജ്മഹലിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ഭീകരാക്രമണ ഭീഷണിയുള്ള കേന്ദ്രങ്ങളിലൊന്നാണ് താജ്മഹല്‍. തീവ്രതകുറഞ്ഞ സ്‌ഫോടനമായതിനാല്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടില്ല. ബോംബ് വെച്ചിരുന്ന സ്ഥലത്തെ ഒരു കസേരയും ചില ജനല്‍ച്ചില്ലുകളും മാത്രമാണ് തകര്‍ന്നതെന്ന് തിവാരി പറഞ്ഞു. ബാറ്ററിയും വയറുകളും സേ്ഫാടനസ്ഥലത്തുനിന്ന് കണ്ടെടുത്തതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍.കെ. സിങ് അറിയിച്ചു.