സമുദായസംഘടനകളോട് യു.ഡി.എഫ് നന്ദികേട് കാണിക്കുന്നു : പിള്ള
Kerala
സമുദായസംഘടനകളോട് യു.ഡി.എഫ് നന്ദികേട് കാണിക്കുന്നു : പിള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th May 2013, 11:12 am

[]തിരുവനന്തപുരം:  എന്‍.എസ്.എസിനോടും എസ്.എന്‍.ഡി.പിയോടും യു.ഡി.എഫ് നന്ദികേട് കാണിക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള.

യു.ഡി.എഫ് ജയിച്ചത് ഇരു സമുദായസംഘടനകളുടെയും പിന്തുണ കൊണ്ടാണെന്നും സമുദായ നേതാക്കള്‍ക്കെതിരായ ആലപ്പുഴ ഡി.സി.സിയുടെ പ്രമേയം തെറ്റായിപ്പോയെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.  []

തിരഞ്ഞെടുപ്പില്‍ സമുദായ സംഘടനകളുടെ പിന്തുണ വാങ്ങിയശേഷം നേതാക്കള്‍ക്കെതിരെ പ്രമേയം പാസാക്കുന്നത് നന്ദികേടാണ്. വലിയ ജനവിഭാഗത്തിന്റെ പിന്തുണയുള്ള നേതാക്കള്‍ക്കെതിരെ പ്രമേയം പാസാക്കിയത് യു.ഡി.എഫിന് ദോഷംചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും നിരന്തരം വ്യക്തിഹത്യ നടത്തിക്കൊണ്ടിരിക്കുന്ന വെള്ളാപ്പള്ളി നടേശന്റെയും സുകുമാരന്‍ നായരുടെയും പ്രസ്താവനകള്‍ നിര്‍ത്തണമെന്ന് ഡി.സി.സി. നേതൃയോഗം കഴിഞ്ഞ ദിവസം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

രണ്ടുപേരും സ്വന്തക്കാരെയും പാര്‍ശ്വവര്‍ത്തികളെയും സര്‍ക്കാരിനെ സ്വാധീനിച്ച് അധികാരസ്ഥാനങ്ങളിലിരുത്തിയ ശേഷമാണ് മുഖ്യമന്ത്രിയെയും കെ.പി.സി.സി. പ്രസിഡന്റിനെയും വിമര്‍ശിക്കുന്നതെന്ന് ഡി.സി.സി നേതൃയോഗം കുറ്റപ്പെടുത്തിയിരുന്നു.

കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ മന്ത്രിയാക്കണമെന്നും അദ്ദേഹത്തിന് ചോദിക്കുന്ന സ്ഥാനം നല്കണമെന്നും പിള്ള പറഞ്ഞു.