കൊല്‍ക്കത്ത: സ്വിസ് ബാങ്കില്‍ കള്ളപ്പണം സൂക്ഷിച്ചതുമായി ബന്ധപ്പെട്ട് 17 പേര്‍ക്ക് നോട്ടീസയച്ചതായി കേന്ദ്രധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. എന്നാല്‍ ഈ വ്യക്തികളുടെ പേരുവിവരങ്ങള്‍ പുറത്തുവിടില്ലെന്നും മുഖര്‍ജി വ്യക്തമാക്കി.

വിദേശബാങ്ക് അക്കൗണ്ടില്‍ കള്ളപ്പണശേഖരമുള്ള 17 പേര്‍ക്ക് നോട്ടീസയച്ചിട്ടുണ്ട്. ഇവര്‍ക്കെതിരേ നോട്ടീസയച്ചിട്ടുണ്ട്. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ധനമന്ത്രി അറിയിച്ചു.

സ്വിസ് സര്‍ക്കാറുമായുണ്ടാക്കിയ കരാറാണ് ഇത്തരം ആളുകളുടെ പേരുകള്‍ പുറത്താക്കുന്നതില്‍ നിന്നും കേന്ദ്രത്തെ തടയുന്നത്. നികുതി സംബന്ധിച്ച കാര്യങ്ങള്‍ക്ക് മാത്രമേ ഇത്തരം ആളുകളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറൂ എന്നതാണ് സ്വിസ് സര്‍ക്കാറുമായുണ്ടാക്കിയ ഇരട്ട നികുതി ഒഴിവാക്കല്‍ നിയമത്തിന്റെ പ്രധാന ഭാഗം.