ന്യൂദല്‍ഹി: കള്ളപ്പണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഏകോപനത്തിനായി കേന്ദ്രം ഉന്നതതല സമിതിയെ നിയോഗിച്ചു. റവന്യൂ സെക്രട്ടറിയുടെ അധ്യക്ഷതയിലായിരിക്കും സമിതി പ്രവര്‍ത്തിക്കുക.

ഐബി, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സി ബി ഐ, എഫ് ഐ ബി എന്നിവയിലെ ഉന്നത ഉന്നതഉദ്യോഗസ്ഥര്‍ സമിതിയിലെ അംഗങ്ങളായിരിക്കും. കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.

അതിനിടെ വിഷയത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന നിര്‍ദ്ദേശത്തെ കേന്ദ്രം എതിര്‍ത്തിട്ടുണ്ട്. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ പ്രത്യേക സംഘത്തെ നിയോഗിക്കേണ്ടതില്ല എന്നാണ് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചത്.

നേരത്തേ കള്ളപ്പണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ കേന്ദ്രം തുടരുന്ന മെല്ലെപ്പോക്ക് നയത്തെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. പൂനെയിലെ ഹസന്‍ അലി ഖാനെ മാത്രം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും ഇത് കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കണമെന്നും സുപ്രീംകോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.