ന്യൂദല്‍ഹി: ബ്ലാക്ക്‌ബെറിയുടെ പ്ലാന്റ് ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതായി നിര്‍മ്മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) അറിയിച്ചു. ഇന്ത്യയിലും അയല്‍രാഷ്ട്രങ്ങളിലും കമ്പനിക്കുള്ള വന്‍സാധ്യത മുന്നില്‍കണ്ടാണ് പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം നടത്തുന്നത്.

അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃവിപണിയാണ് ഇന്ത്യയിലുള്ളതെന്നും ഇത് മുതലാക്കാനാണ് കമ്പനിയുടെ നീക്കമെന്നും റിം അറിയിച്ചു. നിലവില്‍ നോക്കിയ, സാംസങ്, എല്‍.ജി എന്നിവയ്ക്ക് ഇന്ത്യയില്‍ പ്ലാന്റുകളുണ്ട്.

ഇന്ത്യയില്‍ വന്‍തോതിലുള്ള നിക്ഷേപത്തിനാണ് കമ്പനി ഒരുങ്ങുന്നതെന്നാണ് സൂചന. ആദ്യഘട്ടത്തില്‍ 150-250 മില്യണ്‍ ഡോളറിന്റെ നിക്ഷേപമായിരിക്കും ബ്ലാക്ക്‌ബെറി ഇന്ത്യയില്‍ നടത്തുക. അതിനിടെ ബ്ലാക്ക്‌ബെറിയുടെ സേവനങ്ങള്‍ നിരീക്ഷിക്കാനുതകുന്ന സംവിധാനം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ടെലികോം മന്ത്രാലയവുമായി ചര്‍ച്ച തുടരുകയാണെന്നും റിം അറിയിച്ചു.