ന്യൂദല്‍ഹി: മൂന്നു ദിവസമായി തടസ്സം നേരിട്ട ബ്ലാക്ക്‌ബെറി സ്മാര്‍ട്ട് ഫോണ്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ചു. നിര്‍മ്മാതാക്കളായ നിസര്‍ച്ച് ഇന്‍ മോഷനാണ് (RIM) ഇക്കാര്യം അറിയിച്ചത്. തകരാറിലായ ഇ-മെയില്‍, മെസഞ്ചര്‍ സംവിധാനം പ്രവര്‍ത്തനക്ഷമമായതായും വിവിധ സേവനങ്ങള്‍ പൂര്‍ണ്ണമായും പഴയപടിയാക്കാന്‍ തീവ്രമായി ശ്രമിച്ചു വരികയാണെന്നും കമ്പനി ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ റോബില്‍ ബീന്‍ഫെയ്റ്റ് വ്യക്തമാക്കി.

അതേസമയം, പ്രശ്‌നമുണ്ടായ ദിവസങ്ങളിലെ മെസേജുകള്‍ക്കും മറ്റും ചാര്‍ജ് ഈടാക്കുമോ എന്നു വ്യക്തമാക്കാന്‍ കമ്പനി തയാറായില്ല.

തിങ്കളാഴ്ച മുതലാണ് ഇന്ത്യയില്‍ ബ്ലാക്ക്‌ബെറി സേവനം തടസപ്പെട്ടത്. അറബ് രാജ്യങ്ങള്‍, ആഫ്രിക്ക, അമേരിക്ക, ഇന്ത്യ എന്നിവിടങ്ങളിലും ബ്ലാക്ക്‌ബെറി മെസേജിങ്ങും ബ്രൗസിങ്ങും തടസപ്പെട്ടിരുന്നു.

പ്രശ്‌നം പരിഹരിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന റിസെര്‍ച്ച് ഇന്‍ മോഷന്‍ കമ്പനിയുടെ പ്രതിച്ഛായ മോശമായി. ഏറ്റവും കാര്യക്ഷമമെന്നു വിശ്വസിച്ചിരുന്ന ബ്ലാക്ക്‌ബെറി സര്‍വീസ് തടസപ്പെട്ടതോടെ പല ടെലികോം സേവനദാതാക്കളും തങ്ങളുടെ പ്രതിഷേധം കമ്പനിയെ അറിയിച്ചു കഴിഞ്ഞു.

ഇന്ത്യയില്‍ ബ്ലാക്ക്‌ബെറിക്ക് പത്തു ലക്ഷത്തിലധികം വരിക്കാരുണ്ട്.