മുംബൈ: ഏറെ വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം ബ്ലാക്ക്‌ബെറി മുംബൈയില്‍ സെര്‍വര്‍ സ്ഥാപിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ വലിയ സമ്മര്‍ദ്ദങ്ങള്‍ക്കു മുന്നില്‍ ബ്ലാക്ക്‌ബെറി നിര്‍മ്മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) വഴങ്ങുകയായിരുന്നു. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം പുറത്തു വിട്ടത്.

ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് പരിശോധിക്കാന്‍ കഴിയുന്ന വിധത്തിലാണ് ബ്ലാക്ക്‌ബെറിയുടെ സര്‍വീസ് സെര്‍വര്‍ സ്ഥാപിച്ചിരിക്കുന്നത്. അന്വേഷണ ഏജന്‍സികള്‍ക്ക് പരിശോധിക്കാവുന്ന തരത്തില്‍ സെര്‍വര്‍ സ്ഥാപിച്ചില്ലെങ്കില്‍ ബ്ലാക്ക്‌ബെറി പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്ത് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ബ്ലാക്ക്‌ബെറിയിലെ ഇ-മെയിലുകളും മെസഞ്ചറുകളും പരിശോധിക്കാന്‍ സാധിക്കാത്തത് സുരക്ഷാ വീഴ്ചക്ക് കാരണമാകുമെന്നും അതിനാല്‍ അവ സര്‍ക്കാറുമായി പങ്കു വെയ്ക്കണമെന്നുമായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. ഈ ആവശ്യം കേന്ദ്രം പല തവണ റിം നെ അറിയിച്ചിരുന്നു.

ബ്ലാക്ക്‌ബെറിയുടെ നിര്‍മ്മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ കാനഡ കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്. 175 ഓളം രാജ്യങ്ങളില്‍ റിം പ്രവര്‍ത്തിക്കുന്നുണ്ട്.
Malayalam News

Kerala News In English