ടൊറാന്റോ: ഇന്ത്യയില്‍ കമ്പനിയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളെക്കുറിച്ച് ചോദിച്ചതിന് ബ്ലാക്ക്‌ബെറി മേധാവി അഭിമുഖം മതിയാക്കി ഇറങ്ങിപ്പോയി. ബ്ലാക്ക്‌ബെറി മേധാവി മൈക്ക് ലസാരിഡസാണ് അഭിമുഖത്തിനിടെ രൂക്ഷമായി പ്രതികരിച്ച് ഇറങ്ങിപ്പോയത്.

ബി.ബി.സി റിപ്പോര്‍ട്ടറായിരുന്നു മൈക്കുമായുള്ള അഭിമുഖം നടത്തിയത്. അഭിമുഖം പുരോഗമിക്കുന്നതിനിടെയാണ് റിപ്പോര്‍ട്ടര്‍ ഇന്ത്യയിലും മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളിലും ബ്ലാക്ക്‌ബെറി ഫോണുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരാമര്‍ശിച്ചത്. തുടര്‍ന്നാണ് മൈക്ക് അഭിമുഖം നിര്‍ത്താന്‍ റിപ്പോര്‍ട്ടറോട് ആവശ്യപ്പെട്ടത്.

ബ്ലാക്കബെറി ഫോണുകളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും ലോകപ്രശസ്തി നേടിയ കമ്പനിയായതിനാല്‍ ബ്ലാക്ക്‌ബെറിയെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്നും പറഞ്ഞാണ് മൈക്ക് അഭിമുഖം നിര്‍ത്തിയത്. എന്നാല്‍ അഭിമുഖത്തിന്റെ ചില പ്രസക്തഭാഗങ്ങള്‍ ബി.ബി.സി സൈറ്റിലൂടെ പരസ്യപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.