റിയാദ്:ബ്ലാക്ക്‌ബെറിയുടെ മൊബൈല്‍ വെബ്, ഇ-മെയില്‍ സേവനങ്ങള്‍ സൗദി അറേബ്യയില്‍ നിരോധിച്ചു. സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാണ് നിരോധനമെന്ന് സൗദി ടെലികോം റെഗുലേറ്ററി കൗണ്‍സില്‍ അറിയിച്ചു.

ബ്ലാക്കബെറിയുടെ ചില സേവനങ്ങള്‍ രാജ്യത്തെ സുരക്ഷാചട്ടങ്ങള്‍ ലംഘിക്കുന്നവയാണെന്ന് ടെലികോം അതോറിറ്റി കണ്ടെത്തിയിരുന്നു. പ്രത്യേക തരത്തിലുള്ള കോഡ് സംവിധാനം ഉപയോഗിക്കുന്നവയായതിനാല്‍ ഇവ പരിശോധിക്കാന്‍ പറ്റിയ സംവിധാനങ്ങള്‍ നിലവിലില്ലെന്നും സൗദി ഭരണകൂടം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദേശീയ സുരക്ഷയുടെ പേരില്‍ തങ്ങളുടെ സേവനങ്ങളില്‍ മാറ്റം വരുത്താനുദ്ദേശിക്കുന്നില്ലെന്ന് ബ്ലാക്ക്‌ബെറി വ്യക്തമാക്കിയിരുന്നു. സുരക്ഷാവീഴ്ച്ചയുടെ പശ്ചാത്തലത്തില്‍ മറ്റു ചില രാഷ്ട്രങ്ങളും ബ്ലാക്ക്‌ബെറിയുടെ സേവനങ്ങള്‍ നിരോധിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്.