എഡിറ്റര്‍
എഡിറ്റര്‍
കരിമണല്‍ ഖനനം: പശ്ചാത്തലം മാറിയെന്ന് ഷിബു ബേബി ജോണ്‍
എഡിറ്റര്‍
Thursday 7th November 2013 11:53am

Shibu Baby John, Narendra Modi

എറണാകുളം: കരിമണല്‍ ഖനനത്തിന്റെ പശ്ചാത്തലം മാറിയെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. യു.ഡി.എഫ് മാത്രമല്ല യൂണിയനുകളും ഖനനാവശ്യം ഉന്നയിക്കുന്നുണ്ട്.

പാര്‍ട്ടി അനുമതിയില്ലാതെ ഇടത് നേതാക്കള്‍ക്ക് ഖനനാവശ്യം ഉന്നയിക്കാന്‍ കഴിയില്ല. സി.എം.ആര്‍.എല്‍ പോലുള്ള കമ്പനിക്ക് കരിമണല്‍ ആവശ്യത്തിന് ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.

എന്നാല്‍ കരിമണല്‍ ഖനനം പൊതുമേഖലയില്‍ മാത്രമായി നിലനിര്‍ത്തണമെന്നും ഷിബു ബേബി ജോണ്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ കരിമണല്‍ ഖനനം പൊതുമേഖലയില്‍ മാത്രമായി നിലനിര്‍ത്തി സംരക്ഷിക്കണമെന്ന് ഷിബു ബേബിജോണ്‍ നേരത്തെയും ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ മൈനിംഗ് പോളിസി കാലാനുസൃതമായി നവീകരിക്കണമെന്നും കായംകുളം മുതല്‍ അമ്പലപ്പുഴ വരെയുള്ള കരിമണല്‍ സമ്പത്തിന്റെ ഖനന അനുമതി പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തണമെന്നുമായിരുന്നു ആവശ്യം.

ചവറയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ കരിമണല്‍ ആശൃതവ്യവസായ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും, വ്യവസായ വകുപ്പു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കും നല്കിയ കത്തിലാണ് അദ്ദേഹം ഇത് ആവശ്യപ്പെട്ടത്.

കായംകുളം മുതല്‍ അമ്പലപ്പുഴ വരെയുള്ള കരിമണല്‍ സമ്പത്തിന്റെ ഖനനാനുമതി ഐ.ആര്‍.ഇ, കെ.എം.എം.എല്‍. എന്നീ സ്ഥാപനങ്ങള്‍ക്ക് മാത്രമായി നല്‍കുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വേണ്ടി ഖനനം ചെയ്യാന്‍ ഭൂമി വിട്ടുകൊടുക്കുന്ന പ്രാദേശികവാസികള്‍ക്ക് അതാത് കമ്പനികള്‍ ഉണ്ടാക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുക,

ഈ മേഖലയിലെ വ്യവസായങ്ങളുടെ പ്രതിസന്ധി പഠിക്കുവാനും പരിഹരിക്കുവാനും സര്‍ക്കാര്‍ തലത്തില്‍ ഒരു ഉന്നതാധികാര കമ്മിറ്റി ഉണ്ടാക്കുക, കരിമണല്‍ കള്ളക്കടത്ത് ശാശ്വതമായി തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കത്തില്‍ മന്ത്രി ഷിബു  ബേബി ജോണ്‍ ആവശ്യപ്പെട്ടത്.

Advertisement