എഡിറ്റര്‍
എഡിറ്റര്‍
സ്വകാര്യ കമ്പനിക്ക് കരിമണല്‍ ഖനനാനുമതി വേണം; സി.ഐ.ടി.യു പ്രക്ഷോഭത്തിന്
എഡിറ്റര്‍
Monday 4th November 2013 1:09pm

citu

തിരുവനന്തപുരം: സ്വകാര്യ കമ്പനിക്ക് കരിമണല്‍ ഖനനാനുമതി വേണമെന്നാവശ്യപ്പെട്ട്  സി.ഐ.ടി.യു നേതൃത്വത്തില്‍ തൊഴിലാളി സംഘടനകള്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു.

കൊച്ചിയിലെ സി.എം.ആര്‍.എല്‍ എന്ന സ്ഥാപനത്തിന് വേണ്ടിയാണ് തൊഴിലാളി സംഘടനകള്‍ സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തുന്നത്.

പ്രക്ഷോഭത്തിന്റെ ആദ്യഘട്ടം എന്ന നിലയ്ക്കാണ് എറണാകുളത്തെ സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ മറ്റന്നാള്‍ സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തുന്നത്.

കൊല്ലം തീരത്തും ആലപ്പുഴ തീരത്തും കരിമണല്‍ ഖനനത്തിന് അനുമതി നേടിയെടുക്കാന്‍ ദീര്‍ഘകാലമായി ശ്രമിക്കുന്ന ശശിധരന്‍ കര്‍ത്തായുടെ ഉടമസ്ഥതതയിലുളള സ്ഥാപനമാണ് സി.എം.ആര്‍.എല്‍.

ചവറ ഐ.ആര്‍.ഇയുടെ ഖനനം നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ സി.എം.ആര്‍.എല്ലിന് അസംസ്‌കൃത വസ്തു കിട്ടുന്നില്ലെന്നും അതുകൊണ്ട് സ്ഥാപനം പ്രതിസന്ധിയിലാണെന്നും ചൂണ്ടിക്കാട്ടിയാണ് തൊഴിലാളി സംഘടനകള്‍ സമരത്തിനിറങ്ങുന്നത്.

സ്വകാര്യമേഖലയിലും സംയുക്ത മേഖലയിലും ധാതുമണല്‍ ഖനനം അനുവദിക്കാന്‍ പാടില്ലെന്നും പൊതുമേഖലയില്‍ മാത്രമേ ഖനനം പാടുളളുവെന്നുമുളള വ്യവസായ നയം പ്രഖ്യാപിച്ച എല്‍.ഡി.എഫ് കാലത്തെ വ്യവസായ മന്ത്രി എളമരം കരീമാണ് മാര്‍ച്ചിന്റെ ഉദ്ഘാടകന്‍.

ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ മേഖലയിലെ 8 ബ്ലോക്കുകളില്‍ ഖനനത്തിന് നേരത്തെ അനുമതി സി.എം.ആര്‍.എല്‍ അനുമതി നേടിയിരുന്നു.
എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അത് മരവിപ്പിച്ചിരുന്നു.

അനുമതി മരവിപ്പിച്ച നടപടി കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ അത് അനുവദിക്കണമെന്ന ആവശ്യമാണ് വീണ്ടും ഉയര്‍ന്നുവന്നിരിക്കുന്നത്.

Advertisement