ന്യൂദല്‍ഹി: കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഇന്ത്യയില്‍ നിന്ന് പിടിച്ചെടുത്തത് 30,000 കോടി രൂപയുടെ കള്ളപ്പണം. കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ്(സി.ബി.ഡി.ടി) അധ്യക്ഷന്‍ സുധീര്‍ ചന്ദ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ അനുമതി കിട്ടിയതിനെത്തുടര്‍ന്ന് കുറ്റാന്വേഷണ വിഭാഗമായ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ രൂപവല്‍കരിക്കാനുള്ള ശ്രമം നടത്തിവരികയാണ് സി.ബി.ഡി.ടി.

ആദായനികുതി വകുപ്പ് നടത്തിയ  തിരച്ചിലുകള്‍വഴി 18,500 രൂപയുടെ കള്ളപ്പണമാണ് പിടിച്ചെടുത്തതെന്ന് ചന്ദ്ര പറഞ്ഞു. ഇതു സംബന്ധിച്ച ദേശീയസെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദായനികുതി ശേഖരണത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് ചന്ദ്ര പറഞ്ഞു. 28,000 കോടിരൂപയാണ് നികുതിയിനത്തില്‍ ഈ വര്‍ഷം പിരിച്ചത്. അടുത്ത 45 ദിവസത്തിനുള്ളില്‍ ഇത് മൂന്നിരട്ടിയാകും.

വന്‍നിക്ഷേപങ്ങള്‍ക്ക് നികുതിയിളവ് നല്‍കുന്ന രാജ്യങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ കരാറായിക്കഴിഞ്ഞു. കരാറൊപ്പുവെച്ച ബഹാമാസ്, ബര്‍മുഡ, ഐല്‍ ഓഫ് മാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കിട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.